Zygo-Ad

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു.

പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്. 

കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി. 

അതേ സമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. 

പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ