തിരുവനന്തപുരം കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിന് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്.
സ്‌കൂളിലെ പ്രോജക്ട് കൃത്യ സമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം വരെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം.
കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്ക് പറയുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിൻ്റെ ഓഫീസിൽ എത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
വിദ്യാര്‍ഥിയോട് കഴിഞ്ഞ ദിവസം മോശമായി പെരുമാറിയ ക്ലാര്‍ക്കിന് എതിരെ നടപടി വേണമെന്നും ആര്‍ ഡി ഒ വന്നാലേ മൃതദേഹം ഇറക്കാനാകൂ എന്നുള്ള നിലപാടിലാണ് ബന്ധുക്കള്‍
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകൾ ഉളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക: 1056, 0471-2552056)