തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും ഇന്റർവ്യൂവും നടത്തുന്നത് ബാലപീഡനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഇന്റർവ്യൂ നടത്താൻ പാടില്ല. ഇത് ഒരു തരത്തിലുള്ള ബാലപീഡനമാണ്. 1 മുതൽ 8 വരെ (6 വയസ്സു മുതൽ 16 വയസ്സു വരെ) സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേത്. പല പേരിലുള്ള ഫീസുകളും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ചില വിദ്യാലയങ്ങളിൽ കോംപ്ലിമെന്ററി നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് എല്ലാ വിദ്യാർഥികൾക്കും നൽകുവാൻ കഴിയില്ല.
എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്ലസ് വൺ അഡ്മിഷൻ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വകാര്യ എഞ്ചിനീയറിംഗ്, മെഡിക്കൽ, മറ്റു പ്രൊഫഷണൽ കോളേജുകളിലും ഫീസ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായുള്ള തുകകൾ വാങ്ങാൻ സാധിക്കില്ല. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും സംസ്ഥാനത്ത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന,കേന്ദ്ര സർക്കാരുകളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.