കണ്ണൂർ: അനധികൃതമായി നഗരത്തില്‍ സർവീസ് നടത്തിയെന്നാരോപിച്ച് ഹൃദ്രോഗിയായ ഇലക്‌ട്രിക് ഓട്ടോഡ്രൈവറെ സി.ഐ.ടി.യു.സംഘടനയിലുള്ള ഓട്ടോഡ്രൈവർമാർ മർദ്ദിച്ചതായി പരാതി. കണ്ണാടിപ്പറമ്പിലെ സി.പി. സന്തോഷിനെ (53) ആണ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
പയ്യാമ്പലത്തില്‍ നിന്നുള്ള യാത്രക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ സംഘടിച്ചെത്തിയവർ മർദ്ദിച്ച് ഓട്ടോ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പോലീസ് എത്തിയാണ് തന്നെ മർദ്ദനത്തില്‍ നിന്ന് രക്ഷിച്ചതെന്നും അവരുടെ വാഹനത്തിലാണ് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചതെന്നും സന്തോഷ് പറഞ്ഞു. റെയില്‍വേ സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി. ക്യാമറകളില്‍ ദൃശ്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എവിടെയും സർവീസ് നടത്താമെന്ന നിലയില്‍ അധികൃതർ നല്‍കിയ രേഖയുമായാണ് തങ്ങള്‍ ജോലി ചെയ്ത് ജീവിക്കാൻ നിരത്തിലിറങ്ങുന്നതെന്നും ആരുടെയും തൊഴിലില്ലാതാക്കാനല്ലെന്നും കണ്ണൂർ ഇലക്‌ട്രിക് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ഇ.എ.ടി.യു.) ജില്ലാ സെക്രട്ടറി എ.കെ. ഉദയൻ പറഞ്ഞു.
സ്റ്റാൻഡില്‍ നിർത്തി ആളെ എടുക്കാറില്ല. ഓട്ടത്തിനിടെ കൈനീട്ടി വിളിക്കുന്നവരെ കയറ്റിയാണ് ജീവിക്കാനുള്ള വകയുണ്ടാക്കുന്നത്. തൊഴിലെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി നഗരത്തിലെത്തുന്ന ഓട്ടോയ്ക്കെിരേ നടപടി സ്വീകരിക്കാൻ അധികൃതരുടെ സാന്നിധ്യത്തില്‍ തീരുമാനമുള്ളതാണെന്നും അതനുസരിച്ചുള്ള പ്രത്യക്ഷ സമരമാണ് വ്യാഴാഴ്ച നടന്നതെന്നും ഓട്ടോ ലേബർ യൂണിയൻ (സി.ഐ.ടി.യു.) കണ്ണൂർ യൂണിറ്റ് സെക്രട്ടറി എ.വി. പ്രകാശൻ പറഞ്ഞു.
കോർപ്പറേഷൻ പരിധിയില്‍ നമ്പറുമായി ഓടുന്ന ഓട്ടോറിക്ഷക്കാരുടെ തൊഴിലില്ലാതാക്കുന്ന പണിയാണ് അവർ എടുക്കുന്നത്. അത്തരം 530 വണ്ടികള്‍ക്കെതിരേ 12 ദിവസം മുൻപ് പരാതി നല്‍കിയിട്ടുണ്ട്.
പുറത്ത് നിന്നെത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ആളുകളെ ഇറക്കാം. കൈ നീട്ടുന്നവരെ എടുത്തു പോകാം. അനധികൃതമായി വണ്ടി വെച്ച് വെല്ലു വിളിച്ചാല്‍ അക്കാര്യത്തില്‍ ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.