കുന്നംകുളം: ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു കിഴിലുള്ള സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്‌റ്റലില്‍ 10-ാംക്ലാസ്, പ്ലസ്‌ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.
പ്ലസ്‌ടു വിദ്യാര്‍ഥിയുടെ ചെവിക്കു ഗുരുതര പരുക്ക്. ചെവിയുടെ ഒരുഭാഗം വേര്‍പെട്ട എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിക്കു സ്വകാര്യാശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയ നടത്തി. കഴിഞ്ഞ 19-നു രാത്രി സ്‌കൂള്‍ വാര്‍ഷിക പരീക്ഷയ്‌ക്കു വിദ്യാര്‍ഥികള്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
ഒരാഴ്‌ചയായി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നില നിന്നിരുന്നു. ഹോസ്‌റ്റലിലെ സംഘട്ടനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ വാര്‍ഡന്റെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധ്യാപകര്‍ ബന്ധുക്കളെ വിവരമറിയിച്ചതിനേത്തുടര്‍ന്ന് കുട്ടിയെ പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് അധികൃതര്‍ പി.ടി.എ. യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ കുട്ടികളെ മാര്‍ച്ചില്‍ പരീക്ഷ ആരംഭിക്കുന്നതു വരെ വീടുകളിലേക്കു കൊണ്ടു പോകാനായിരുന്നു യോഗത്തിലെ തീരുമാനം.
ഹോസ്‌റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും നിലപാട്. സംഘര്‍ഷത്തെ റാഗിങ്ങെന്നു ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അധ്യാപകര്‍ ആരോപിച്ചു.
മൂന്നാം നിലയില്‍ കഴിയുന്ന പ്ലസ്‌ടു വിദ്യാര്‍ഥി താഴത്തെ നിലയിലെത്തിയതാണ് സംഘട്ടനത്തില്‍ കലാശിച്ചതെന്നു പറയപ്പെടുന്നു. ഇതേ വിദ്യാര്‍ഥിക്കാണു പരുക്കേറ്റത്. വീട്ടുകാരുടെ പരാതിയേത്തുടര്‍ന്ന് കുന്നംകുളം പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.
റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. റാഗിങ് നടന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ വിദ്യാര്‍ഥികളുടെ വാട്‌സ്‌ആപ് കൊലവിളി സന്ദേശവും പുറത്തു വന്നു.