കണ്ണൂർ : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്‌ധർ. കഴിഞ്ഞദിവസം ജില്ലയിൽ നടന്ന ഉത്സവാഘോഷത്തിനിടെ ഭക്ഷണം കഴിച്ചവരിൽ 80 പേർക്കാണു ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉത്സവങ്ങളുൾപ്പെടെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദേശങ്ങൾ നൽകുന്നുണ്ട്. ഒട്ടേറെപ്പേർ എത്തുമെന്നു പ്രതീക്ഷിക്കുന്ന ആരാധാനാലയങ്ങളിൽ ആഘോഷവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്മിറ്റികളുടെയും ഭാരവാഹികളുടെയും യോഗങ്ങളും ആരോഗ്യവകുപ്പ് വിളിച്ചുചേർക്കുന്നുണ്ട്.
പക്ഷേ, അതുകൊണ്ടു മാത്രം ജലജന്യരോഗങ്ങളെ തടയാനാകില്ല. ഭക്ഷണത്തിനും ജ്യൂസ് പോലുള്ള പാനീയങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളിലും ജലജന്യരോഗങ്ങളായ വയറിളക്കം, ഛർദി എന്നിവ പിടിമുറുക്കുന്നുണ്ട്. മുൻ വർഷങ്ങളെക്കാൾ കൂടുതൽ കേസുകൾ ഇത്തവണ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▫️പെട്ടെന്നുള്ള കാലാവസ്‌ഥ വ്യത്യാസം, സീസണല്ലാത്ത പഴങ്ങളുടെ ഉപയോഗം, വീട്ടിൽ നിന്നല്ലാതെ പാകം ചെയ്യുന്ന ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ഐസിട്ട പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത ജലത്തിന്റെ ഉപയോഗം എന്നിവയെല്ലാം വയറിളക്കം, ഛർദി എന്നിവയിലേക്കു നയിക്കാം.
▫️ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവ മൂലം വയറിളക്കമുണ്ടാകാം. വൃത്തിയില്ലാത്ത ആഹാരപദാർഥങ്ങളിലൂടെയാണു രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. വയറിളക്കം മൂലമുള്ള നിർജലീകരണം ചിലപ്പോഴെങ്കിലും മരണത്തിലേക്കു നയിക്കാം.
▫️മലം അയഞ്ഞു പോകുന്നതോടൊപ്പം രക്തവും കഫവും മലത്തോടൊപ്പം പോകുന്നതാണ് വയറുകടി. കഞ്ഞിവെള്ളത്തിന്റെ രൂപത്തിൽ മലം പോകുന്നതു കോളറയുടെ ലക്ഷണമാകാം. നിർജലീകരണം വളരെ പെട്ടെന്നു സംഭവിക്കുന്നതിനാൽ കോളറ പെട്ടെന്നു മരണത്തിലേക്കു നയിക്കുന്നു.
നിർജലീകരണമുള്ള കുട്ടികളുടെ ലക്ഷണം-ചുണ്ടും വായും ഉണങ്ങുക, കണ്ണ് വരണ്ടിരിക്കുക, 8 മണിക്കൂറിലധികം സമയം മൂത്രം പോകാതിരിക്കുക, അമിതമായ ദാഹം പ്രകടിപ്പിക്കുക.
▫️വയറിളക്കത്തിൻ്റെ തുടക്കത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങണം. വയറുകടി, കോളറ എന്നിവയ്ക്ക് ആൻ്റിബയോട്ടിക്കുകൾ ആവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പിട്ട മോരുംവെള്ളം ഒആർഎസ് മിശ്രിതം എന്നിവ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാം.
മുകളിൽ പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലുമുണ്ടെങ്കിൽ വൈദ്യസഹായം തേടണം.