Zygo-Ad

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്‍പ്രസ്

                                     


കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവീസുകള്‍ വീണ്ടും വെട്ടിക്കുറച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന റദ്ദാക്കലുകള്‍ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രക്കാരെ ബാധിക്കും. 

ഫെബ്രുവരി ഒമ്പതിന് രാവിലെ 8.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തില്‍ നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. 

ഫെബ്രുവരി 16 മുതല്‍ മാർച്ച്‌ 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവീസുകളും ഒഴിവാക്കിയിട്ടുണ്ട്. 

ഫെബ്രുവരി ഒമ്പത്, 17ലെ മസ്കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതല്‍ മാർച്ച്‌ 25 വരെയുള്ള തീയതികളില്‍ മസ്കത്ത്-ചെന്നൈ (ചൊവ്വ ദിവസം), ഫെബ്രുവരി 17 മുതല്‍ മാർച്ച്‌ 17 വരെ മസ്കത്ത്-തിരിച്ചിറപ്പള്ളി (തിങ്കള്‍), ഫെബ്രുവരി 24 മുതല്‍ മാർച്ച്‌ 24 വരെ (ഞായർ, തിങ്കള്‍ ദിവസങ്ങളില്‍) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവീസ് റദ്ദാക്കിയത്. 

ഓഫ് സീസണായതിനാലാണ് സർവീസുകള്‍ വെട്ടികുറച്ചിരിക്കുന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവർ പറയുന്നത്. 

ഫെബ്രുവരിയില്‍ മസ്കത്തില്‍ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകള്‍ എയർ ഇന്ത്യ നേരത്തെ വെട്ടിക്കുറച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അനുസരിച്ച്‌ ഫെബ്രുവരിയില്‍ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവീസുകളാണ് കുറച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസാണ് നിലച്ചിരിക്കുന്നത്. 

ഈ മാസം ഒമ്പത്, 12,15,17,19,20,24,26,27 തീയതികളില്‍ വെബ്സൈറ്റ് പരിശോധിച്ചാല്‍ സർവീസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്. 

കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകള്‍ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതല്‍ മസ്കത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ നാല് സർവിസുകള്‍ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകളില്ല. 

നേരത്തെ ആഴ്ചയില്‍ ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതല്‍ കൊച്ചിയിലേക്കും നാല് സർവീസുകള്‍ മാത്രമാണ് നടത്തുന്നത്. 

എത്ര അപാകതകളുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. മറ്റു വിമാന കമ്പനികളെക്കാൾ ടിക്കറ്റ് നിരക്കുകള്‍ കുറവായതാണ് സാധാരണക്കാരെ ആകർഷിക്കുന്നത്. 

നിരക്കിനൊപ്പം കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച്‌ നൂലാമാലകള്‍ കുറവായതും സധാരണക്കാർക്ക് അനുഗ്രഹമാണ്.

വളരെ പുതിയ വളരെ പഴയ