Zygo-Ad

ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പേവിഷബാധ; അതീവ ഗുരുതരം; ദേഹത്തേക്ക് നായ ചാടി വീണത് മൂന്ന് മാസം മുമ്പ്


ആലപ്പുഴ: ചാരുമൂട്ടില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ദേഹത്തേക്ക് മൂന്ന് മാസം മുമ്പ് ഒരു നായ ചാടി വീണിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നതിനിടെ കുട്ടി താഴെ വീണിരുന്നു. ഈ സമയത്താണ് നായ ദേഹത്തേക്ക് ചാടി വീണത്. 

എന്നാല്‍ കുട്ടിയുടെ ദേഹത്ത് പോറലുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വാക്‌സിനും എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.

പനിയും മറ്റ് ലക്ഷണങ്ങളുമാണ് അനുഭവപ്പെട്ടത്. പലതവണ ചികിത്സിച്ചിട്ടും പനി മാറിയില്ല. വെള്ളം കുടിക്കാനും കുട്ടി മടി കാണിച്ചു. വെള്ളം കാണുമ്പോള്‍ പേടിക്കുന്നത് ഉള്‍പ്പെടെയുള്ള അസ്വഭാവിക ലക്ഷണങ്ങള്‍ കുട്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെയാണ്.

വള്ളികുന്നത്ത് ആറു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് ഏതാനും ദിവസം മുമ്പ് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ നായ ചത്തു. ജനുവരി 31നാണ് നായ ആക്രമിച്ചത്. 

രണ്ടു പേരുടെ മുഖം കറിച്ചു പറിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കി. 12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ചേർത്തലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തി നായയെ പിടി കൂടുകയായിരുന്നു.

വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് നായ ആക്രമണം നടത്തിയത്. ഇവിടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവു നായകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മരണസംഖ്യയിലും വര്‍ധനവുണ്ട്. സംസ്ഥാനത്ത് പേവിഷബാധയേറ്റ് കഴിഞ്ഞവര്‍ഷം 26 പേരാണ് മരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടി. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്ക് ഉള്‍പ്പെടുത്തിയാല്‍ എണ്ണം ഇനിയും വര്‍ധിക്കും.

വളരെ പുതിയ വളരെ പഴയ