ചിറയിൻകീഴ്/ കഴക്കൂട്ടം(തിരുവനന്തപുരം): രാസലഹരി പരിശോധനയ്ക്കിടെ രണ്ടുപേരെ അറസ്റ്റു ചെയ്ത ചിറയിൻകീഴ് എക്സൈസ് സംഘത്തെ ഒരു സംഘം ആക്രമിച്ചു.
അക്രമത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിച്ചേർന്ന കഠിനംകുളം പോലീസാണ് എക്സൈസ് സംഘത്തെ രക്ഷിച്ചത്.
ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമാതുറ മാടൻവിള പാലത്തിന് സമീപം രാസലഹരി വില്പന നടത്തിയവരെ പിടികൂടാനെത്തിയത്.
പരിശോധനയില്‍ 600 ഗ്രാം രാസലഹരി, 10 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇവ വില്പനയ്ക്കായി എത്തിച്ച ചിറയിൻകീഴ്, ശാർക്കര, ഒറ്റപ്പന തെരുവില്‍ തൈവിളാകം വീട്ടില്‍ കൊച്ചുമോൻ എന്ന് വിളിക്കുന്ന ഷാജഹാൻ(28), തിരുവനന്തപുരം, മുട്ടത്തറ, വള്ളക്കടവ് പുതുവല്‍ പുത്തൻ വീട്ടില്‍ നിസാം (25) എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
എക്സൈസിനെ ആക്രമിച്ചതിന് ഒറ്റപ്പന തെരുവില്‍ പുറമ്പോക്ക് വീട്ടിൽ നിസാം, ഒറ്റപ്പന തെരുവില്‍ തൈവിളാകം വീട്ടില്‍ ഷഹീൻ, ഒറ്റപ്പന സലീല മൻസിലില്‍ ആമീൻ എന്നിവരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ദീപുക്കുട്ടൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെ.ആർ., ബിജു, പ്രിവന്റീവ് ഓഫീസർ ദേവിപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ, വൈശാഖ്, അജാസ്, റിയാസ് എന്നിവർ ചേർന്നാണ് പെരുമാതുറയില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതികളുമായി സംഭവ സ്ഥലത്തു നിന്നും മടങ്ങുമ്ബോള്‍ എക്സൈസ് സംഘത്തെ ഒരു കൂട്ടം ആളുകള്‍ ചേർന്ന് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ അസഭ്യം പറയുകയും കരിങ്കല്ലുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. സഹപ്രവർത്തകൻ വൈശാഖിനെയും പ്രതികള്‍ മർദിച്ചു.
സംഘർഷത്തില്‍ സിവില്‍ എക്സൈസ് ഓഫീസർ അജിത് കുമാറിന്റെ കൈവിരലുകള്‍ക്ക് സാരമായി പരിക്കേറ്റു. അര മണിക്കൂറോളം അക്രമികള്‍ എക്സൈസ് സംഘത്തെ തടഞ്ഞുവെച്ചു.
പോലീസെത്തി എക്സൈസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്തുനീക്കി. തുടർന്നാണ് പ്രതികളെയുംകൊണ്ട് എക്സൈസ് സംഘത്തിന് മടങ്ങാൻ സാധിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം ഉണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
കഠിനംകുളം എസ്.ഐ. പ്രശാന്ത്, സി.പി.ഒ. മാരായ പ്രവീണ്‍, ഹാഷിം എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.