'അപ്പോ പിന്നെ ഇനി എങ്ങനെയാ,കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ എന്തെ മാറി നില്‍ക്കുന്നതല്ലെ അതിന്റെ ധാർമ്മികത'; റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകർക്കെതിരെ വിമർശന ശരവുമായി പി.പി ദിവ്യ


കണ്ണൂര്‍: പോക്‌സോ കേസ് ചുമത്തപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിലെ ഡോ. അരുണ്‍കുമാറിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തു വന്നു.

ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും ഇവിടെ കോടതിയും നിയമവുമുണ്ടെന്നും ശരിയും തെറ്റും അവര്‍ തീരുമാനിക്കുമെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ് എടുത്ത പശ്ചാത്തലത്തിലാണ് ദിവ്യയുടെ മാധ്യമ വിമര്‍ശനം. തങ്ങള്‍ക്കെതിരെ കേസെടുത്തതില്‍ ബ്രേക്കിങ് ഒന്നും കണ്ടില്ലെന്നും സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ള ശ്രമം എന്ത് മാധ്യമ ധര്‍മമാണെന്നും അവര്‍ ചോദിച്ചു. 

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ മാറി നില്‍ക്കുന്നതല്ലേ ധാര്‍മികത. അല്ല, ധാര്‍മികത കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ വേണ്ടതുള്ളു എന്നാണോ. സ്റ്റേഷനില്‍ പോകുമ്പോഴും വരുമ്പോഴും ലൈവ് ഇടാന്‍ മറക്കരുത്.

ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന ഗീബല്‍സ്യന്‍ കോട്ടിട്ട അഭിനവ ചാനല്‍ ജഡ്ജിമാരുടെ അവതരണ റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. അപാരമായ കഴിവുള്ള അവതാരക സിംഹങ്ങള്‍ കുറെ അവിടെ ഉണ്ടല്ലോ. 

നിയമം നിയമത്തിന്റെ വഴിക്കു പോവണം എന്നത് ശരി. എന്നാല്‍ കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനല്‍ ജഡ്ജിമാരാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിവ്യയുടെ കമന്റിനെ അനുകുലിച്ച്‌ നിരവധി പേരാണ് രംഗത്തുവന്നത്. നേരത്തെ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് പി പി ദിവ്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ചാനലുകളില്‍ നിന്നും നേരിടേണ്ടി വന്നത്.

 ഇതിനെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടു തനിക്കെതിരെ മാധ്യമ വേട്ട നടന്നുവെന്ന് ദിവ്യ പ്രതികരിച്ചിരുന്നു.

ആത്മഹത്യാ കേസില്‍ പ്രേരണാ കുറ്റത്തിനാണ് ദിവ്യയെ പ്രതി ചേര്‍ത്തത്. ഇതോടെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വവും ജില്ലാ പഞ്ചായത്ത് സ്ഥാനവും ഒഴിവായി മാറി നില്‍ക്കുlകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ