മട്ടന്നൂർ: ജില്ലയിലെ ഏക്കർക്കണക്കിന് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്തുന്നതിനായി പഴശി കനാല്‍ വഴി വെള്ളം തുറന്നുവിട്ടു.
ഇന്നലെ രാവിലെ പഴശി ഡാമിലെ കനാലിന്‍റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം ഒഴുക്കിയത്. ഇതോടെ മെയിൻ കനാല്‍ വഴിയും അനുബന്ധ കനാലുകള്‍ വഴിയും വെള്ളമെത്തും. വേനല്‍ക്കാലം ആരംഭിച്ചതോടെയാണ് പഴശി ജലസേചന പദ്ധതിയുടെ കനാല്‍ ഷട്ടർ റഗുലേറ്ററുകള്‍ തുറന്നു ജലമൊഴുക്കിയത്.
പഴശി ഡാം മുതല്‍ 42 കിലോമീറ്ററില്‍ പ്രധാന കനാല്‍ പറശിനി അക്വഡക്‌ട് വരെയും 16 കിലോ മീറ്റർ മാഹി ബ്രാഞ്ച് കനാല്‍ ടെയില്‍ എൻഡ് എലാങ്കോട് വരെയും ഇവയുടെ കൈക്കനാലുകളിലൂടെയുമാണ് ജലം ഒഴുകി എത്തുക. ഡാമിലെ ഹെഡ് റെഗുലേറ്ററിന്‍റെ മൂന്ന് ഷട്ടറുകളും 20 സെന്‍റീമീറ്റർ വീതം ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്.
വെള്ളം ഒഴുകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നേരത്തെ നിർദേശം നല്‍കിയിരുന്നു. പ്രളയത്തില്‍ തകർന്ന കനാലുകള്‍ കോടികള്‍ ചെലവഴിച്ചാണ് നവീകരിച്ചത്. കഴിഞ്ഞ വർഷങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി കനാല്‍ വഴി വെള്ളം ഒഴുക്കി പരീക്ഷണം നടത്തിയിരുന്നു. ഇതു വിജയകരമായതോടെയാണ് ഇന്നലെ മുതല്‍ വെള്ളം ഒഴുക്കിവിട്ടത്. മണിക്കൂറില്‍ രണ്ടു കിലോമീറ്റർ എന്ന തോതില്‍ ഒഴുകിയ വെള്ളം വൈകുന്നേരം ആറോടെ13 കിലോമീറ്ററിലെത്തി.
ഇന്നു രാവിലെ എട്ടോടെ 24 കിലോമീറ്റർ മുഴപ്പാല കട്ട് ആൻഡ് കവർ കഴിഞ്ഞ് ഒഴുകുമെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി അറിയിച്ചു. പദ്ധതിയുടെ മെയിൻ കനാല്‍ പറശിനിക്കടവ് വരെയും മാഹി ബ്രാഞ്ച് കനാല്‍ എലാങ്കോട് വരെയും അവയുടെ കൈക്കനാലുകളായ മാമ്പ , കാവുംതാഴെ, മണിയൂർ, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂർ, വേങ്ങാട്, കുറുമ്പക്കല്‍, മാങ്ങാട്ടിടം, വള്ള്യായി, പാട്യം, മൊകേരി എന്നിവയിലൂടെ ജലവിതരണം നടത്താനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്. വെള്ളം ഒഴുകിയെത്താൻ മണിക്കൂറോളം സമയം എടുക്കുന്നതിനില്‍ നാളെയോടെ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുമെന്നാണ് പ്രതീക്ഷ. സൂപ്രണ്ടിംഗ് എൻജിനിയർ ഇൻചാർജ് പി.പി. മുരളീഷ് ഉദ്ഘാടനം ചെയ്തു.
എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, അസി. എക്സിക്യുട്ടീവ് എൻജിനിയർ സുശീല ദേവി, അസി. എൻജിനിയർമാരായ പി.വി. മഞ്ജുള, കെ. വിജില, കെ. രാഘവൻ, എം.പി. ശ്രീപദ്, ടി.എൻ. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെളളത്തിന്‍റെ ഒഴുക്ക് നിരീക്ഷിച്ചുവരുന്നത്.