കുട്ടികളുടെ ചെലവിൽ അധ്യാപകരും പി.ടി.എ അംഗങ്ങളും പഠനയാത്ര നടത്തേണ്ട- സർക്കുലർ പുറത്തിറങ്ങി

             


സ്‌കൂളുകളിലെ പഠന യാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 

പഠന യാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ്.എസ് ഒപ്പിട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

നിലവിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പഠന യാത്രകള്‍ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വന്‍തുക നിശ്ചയിക്കുന്നതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. 

ഇതു കൂടാതെ, സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികളെ നിര്‍ബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടു വരാത്ത കുട്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രവണതയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും പഠന യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയില്‍ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികള്‍ അറിയാതിരിക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. 

സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാല്‍ അതിന്റെ സാമ്പത്തിക ബാധ്യത കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകാതിരിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം- ഉത്തരവിൽ പറയുന്നു.

ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും സര്‍ക്കുലറിൽ പറയുന്നുണ്ട്.

സ്‌കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുമ്പു നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ (ഇന്‍ഷൂറന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ്), ഡ്രൈവറുടെ ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നല്‍കുകയും വേണം.

വളരെ പുതിയ വളരെ പഴയ