തിരുവനന്തപുരം: വരുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇതു വരെ രജിസ്റ്റർ ചെയ്തത് 4,27000 ത്തിലേറെ കുട്ടികൾ. പത്താംതരത്തിൽ മൊത്തം പ്രവേശനം നേടിയത് 428953 കുട്ടികളാണ്. ഒക്‌ടോബറിൽ ആരംഭിച്ച പരീക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു.
മൂവായിരത്തോളം ചീഫ് സൂപ്രണ്ടുമാർ അതിലേറെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, 25,000 ഇൻവിജിലേറ്റർമാർ എന്നിവർ പരീക്ഷാ ഡ്യൂട്ടിയുടെ ഭാഗമാകും.
ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതീവ രഹസ്യ സ്വഭാവമുള്ളതും സൂക്ഷ്‌മമായ പലതരം പരിശോധനകളിലൂടെ കടന്നു പോകുന്നതുമാണ് പൊതു പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കലും അച്ചടിയും. കേരളവുമായി അതിർത്തി പോലും പങ്കിടാത്ത സ്ഥലത്ത് കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള പ്രസുകളിലാണ് ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്.
എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് ആവശ്യമുള്ളവർക്ക് പരീക്ഷയ്ക്ക് മുൻപ് തന്നെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകൻ മുഖേന 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റോടെ പരീക്ഷാ ഭവനിലേക്ക് അപേക്ഷ നൽകാം.
വിദ്യാർത്ഥിക്ക് നേരിട്ടും അപേക്ഷിക്കാം .ഫലം വന്ന് മൂന്നു മാസം പൂർത്തിയാകുന്ന ദിവസം മുതൽ മാർക്ക് ലിസ്റ്റ് ലഭിക്കും.
കേരളത്തിന് പുറത്തും വിദേശത്തുമായി വിവിധ കോഴ്സുകൾക്കും അഗ്നിവീർ ഉൾപ്പെടെ സേനാ വിഭാഗങ്ങളിൽ ചേരുന്നവർക്കും മാർക്ക് ലിസ്റ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് 2024ൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. മോഡൽ പരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് 21ന് അവസാനിക്കും. ജനുവരി 17 മുതൽ ഐ.ടി മോഡൽ പരീക്ഷയും ഫെബ്രുവരി ഒന്ന് മുതൽ 14 വരെ ഐ.ടി പൊതു പരീക്ഷയും നടത്തും.
മൂല്യ നിർണയ ക്യാമ്പുകൾ ഏപ്രിൽ എട്ടിനാരംഭിച്ച് 28ന് അവസാനിക്കും. 72 ക്യാമ്പുകളിലാണ് മൂല്യ നിർണയം. മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.