നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ജയിലിലേയ്ക്ക്; ജാമ്യം നിഷേധിച്ച്‌ കോടതി; 14 ദിവസം റിമാൻഡിൽ


എറണാകുളം: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച്‌ കോടതി.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

എന്നാല്‍ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. ഉയർന്ന രക്ത സമ്മർദ്ദമുണ്ടെന്നും പ്രതി പറഞ്ഞു. കോടതിയുടെ ഉത്തരവ് കേട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. 

പ്രതിക്കൂട്ടില്‍ തളർന്നിരുന്ന ബോ.ചെയോട് തത്കാലം കോടതി മുറിയില്‍ വിശ്രമിക്കൂവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിയെ നേരെ ആശുപത്രിയിലേക്ക് എത്തിച്ചു. ബിപി നിയന്ത്രിത അളവിലാണെങ്കില്‍ ജയിലിലേക്ക് മാറ്റും.

കേസില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലിട്ട് നടിയെ ബോബി ചെമ്മണ്ണൂർ അപമാനിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിക്കെതിരെ അശ്ലീല പരാമർശമാണ് നടത്തിയത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിച്ചിരുന്നു. 

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാൻ സാധ്യതയുണ്ടെന്നും സമ്പന്നനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാൻ സാധ്യതയുണ്ടെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിമാൻഡ് റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.

ജാമ്യം അനുവദിച്ചാല്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാലയുടെ പിൻവശം കാണൂവെന്ന് പറഞ്ഞത് ദ്വയാർത്ഥ പ്രയോഗമാണ്. അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. 

വീഡിയോ പിന്നീട് മോശം അർത്ഥത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. മാനേജറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് വന്ന എല്ലാ വീഡിയോകളിലും ദ്വയാർത്ഥ പ്രയോഗം നടത്തി. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലില്‍ ഹണി റോസിനെക്കുറിച്ച്‌ അശ്ലീല ചുവയോടെ പരാമർശങ്ങള്‍ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

എന്നാല്‍ പ്രോസിക്യൂഷൻ വാദങ്ങള്‍ പൂർണമായും എതിർത്തായിരുന്നു പ്രതിഭാഗം അഭിഭാഷകൻ രാമൻപിള്ള ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിച്ചത്. നടിക്കെതിരെ അശ്ലീല പരാമർശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ നടിയുടെ ശരീരത്തില്‍ സ്പർശിച്ചിട്ടില്ലെന്നും പ്രതി ഭാഗം വക്കീല്‍ കോടതിയില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇരുവരും സൗഹൃദത്തിലായിരുന്നു.

 നടി പരാതി നല്‍കാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല. നിരവധിയാളുകള്‍ക്ക് ജോലി നല്‍കിയ, അനവധി പുരസ്കാരങ്ങള്‍ ലഭിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ എന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. 

എന്നാല്‍ പ്രതി ഭാഗത്തിന്റെ വാദങ്ങളെല്ലാം നിരസിക്കുകയായിരുന്നു കോടതി. തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി തള്ളുകയും ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആയിരുന്നു ബോ.ചെയുടെ ജാമ്യ ഹർജി പരിഗണിച്ചത്.

ബോബി ചെമ്മണ്ണൂരിനെ 4:45 ഓടെ റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദേഹാസ്വസ്ഥ്യം നേരിട്ട അദ്ദേഹത്തെ വിശദമായി വൈദ്യ പരിശോധന നടത്തി. ശേഷം വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബോ. ചെയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. 

ബോബിയെ അനുകൂലിച്ച് ആരാധകരായ ജനങ്ങൾ ജില്ലാ ആശുപത്രിയുടെ മുറ്റത്ത് പ്രതിഷേധം പ്രകടിപ്പിച്ചു. കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെയാണ് ബോ. ചെയെ ജയിലിലേക്ക് കൊണ്ടു പോയതെന്നും അദ്ദേഹത്തെ മന:പൂർവ്വം അപമാനിക്കാൻ വേണ്ടി ഗൂഢാലോചന നടത്തി ചെയ്തതാണിതെന്നും ജനങ്ങൾ മാധ്യമങ്ങളോടു പ്രതികരിച്ചു.

വളരെ പുതിയ വളരെ പഴയ