കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരില്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ വ്യക്തമാണെന്നാരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീജിയണല്‍ ആർ.ടി.ഒ ഓഫിസിലേക്ക് ഇരച്ചു കയറി പ്രതിഷേധം.
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി നീട്ടി നല്‍കിയ ഗതാഗത മന്ത്രിയുടെ തീരുമാനം അനാസ്ഥയുടെ തെളിവാണെന്നും വിദ്യാർത്ഥികളെ കൊലക്ക് കൊടുക്കാൻ നേതൃത്വം കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ആരോപിച്ചു.
കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും സ്കൂള്‍ അധികൃതരെ പഴിചാരി സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാൻ അധികാരികള്‍ക്ക് കഴിയില്ലെന്നും ബസുകളുടെ ഫിറ്റ്നസ്സ്, ബസ് ഡ്രൈവറുടെ നിയമനം എന്നിവയില്‍ സുതാര്യതയും ജാഗ്രതയും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം.
കണ്ണൂർ റീജിയണല്‍ ഓഫീസിലേക്ക് ഇരച്ച് കയറിയ കെ.എസ്.യു പ്രവർത്തകർ റീജിയണല്‍ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണനെ ഓഫീസിനകത്ത് തടഞ്ഞു വെച്ചു. തുടർന്ന് ടൗണ്‍ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നേതാക്കളുള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാഗേഷ് ബാലൻ, ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, അക്ഷയ് കല്യാശ്ശേരി, സൂരജ് പരിയാരം, നവനീത് ഷാജി, അർജുൻ ചാലാട്, വൈഷ്ണവ് കായലോട്, ശ്രീരാഗ് പുഴാതി, പ്രകീർത്ത് മുണ്ടേരി, ദേവനന്ദ കാടാച്ചിറ എന്നിവർ നേതൃത്വം നല്‍കി.