Zygo-Ad

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിയെക്കുറിച്ച്‌ നിര്‍ണായക വിവരം ലഭിച്ചതായി പൊലീസ്, മൊബെെല്‍ ഫോണ്‍ ഓണായി


പാലക്കാട്: നെന്മാറയില്‍ അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ഇതിനിടെ പ്രതിയെക്കുറിച്ച്‌ നിർണായക വിവരം ലഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച്‌ ചെന്താമരയുടെ മൊബെെല്‍ ഫോണ്‍ ഓണായതായിട്ടാണ് പൊലീസ് പറയുന്നത്.

തിരുവമ്പാടിയില്‍ ഇയാള്‍ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഓണായതിന് തൊട്ടു പിന്നാലെ തന്നെ ഫോണ്‍ ഓഫാകുകയും ചെയ്തു. 

തിരുവമ്പാടി സിഐയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഇതുവരെ ഇയാളെ കണ്ടെത്താനായില്ലെന്നാണ് വിവരം. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഫോണ്‍ ഓണ്‍ ചെയ്തത് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാകാനുള്ള സാദ്ധ്യതയുമുണ്ട്. പ്രതി നിരവധി സിം കാർഡുകള്‍ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. എല്ലാ ഫോണ്‍ നമ്പറുകളും ശേഖരിച്ച്‌ അന്വേഷണം നടത്തുകയാണ്.

പ്രതിയെ തിരയാൻ 125 പോലീസുദ്യോഗസ്ഥരെ നിയമിച്ചു

ചെന്താമരയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. വീട്ടില്‍ പൊതു ദർശനത്തിന് വച്ച ശേഷമാണ് സംസ്കരിച്ചത്. 

സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. നൂറ് കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി.

നെന്മാറ കൊലക്കേസില്‍ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയത്. എട്ട് വെട്ടുകളാണ് സുധാകരന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. 

കൈ, കാല്‍, കഴുത്ത്, തല എന്നിവിടങ്ങളില്‍ വെട്ടേറ്റു. വലതുകൈ അറ്റ നിലയിലായിരുന്നു. കഴുത്തിന്റെ പിറകിലേറ്റ മുറിവാണ് സുധാകരന്റെ മരണത്തിന് കാരണം. ലക്ഷ്മിക്ക് 12 വെട്ടുകളാണ് ഏറ്റത്. 

അതി മാരകമായ മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കണ്ണിന്റെ ഭാഗം മുതല്‍ ചെവി വരെ നീളുന്ന വെട്ടേറ്റിരുന്നു. ഇതാണ് ലക്ഷ്മിയുടെ മരണകാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ