Zygo-Ad

ഒരു ലക്ഷം രൂപയുള്ള ബാഗുമായി ഓടി മറഞ്ഞ കണ്ണൂരിലെ കള്ളന്‍ പാലക്കാട് പിടിയില്‍


കണ്ണൂര്‍: ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയില്‍ നിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി പിടിയില്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്തു താമസിച്ചിരുന്ന റോയിച്ചന്‍ ചാലിയിലാണു പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നാണു കുടിയാന്മല പോലിസ് പ്രതിയെ പിടിച്ചത്.

 കേരളത്തില്‍ പല സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെയുള്ള കേസുകളുണ്ട്. നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടേതെന്നു സംശയിച്ച മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ ആലത്തൂരിലുണ്ടെന്നു മനസ്സിലായത്. ഈ മാസം 21ന് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു മോഷണം. 

പ്രതി ഓടി മറയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കാട്ടിലൂടെ ഓടി, പിന്നീട് ചെമ്പേരി -തളിപ്പറമ്പ് റൂട്ടിലെ ബസില്‍ കയറിയാണു സ്ഥലം വിട്ടത്. 

കുടിയാന്മല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബിജോയിയുടെ നേതൃത്വത്തില്‍ എസ്‌ഐ ചന്ദ്രന്‍, എഎസ്‌ഐ സിദ്ധിഖ്, സിപിഒ സുജേഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

വളരെ പുതിയ വളരെ പഴയ