വാളയാര്‍ കേസ്, അമ്മയുടെ പങ്ക് അന്നുതന്നെ ഹരീഷ് വാസുദേവന്‍ അക്കമിട്ട് നിരത്തി, അമ്മ പീഡനം കണ്ടില്ലെന്ന് നടിച്ചു, പ്രതിക്കൊപ്പം ഉറങ്ങി, മൊഴി പലതവണ മാറ്റി, പ്രതികള്‍ രക്ഷപ്പെട്ടതിങ്ങനെ



കൊച്ചി :വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ മരണത്തിനിടയാക്കിയ ലൈംഗിക പീഡനക്കേസില്‍ സിബിഐ കുറ്റപത്രം കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതികളാക്കിയതോടെ കേസ് വഴിത്തിരിവില്‍.

സംസ്ഥാന പോലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ വെറുതെവിട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ അമ്മ വന്‍ പ്രതിഷേധമുയര്‍ത്തുകയും കേസ് സിബിഐയ്ക്ക് കൈമാറുകയുമായിരുന്നു.

കേസിന്റെ തുടക്കംമുതല്‍ അമ്മയുടേയും രണ്ടാനച്ഛന്റേയും പങ്ക് വ്യക്തമായിരുന്നു. പ്രതികള്‍ക്ക് പെണ്‍കുട്ടുകളെ പീഡിപ്പിക്കാനുള്ള അവസരമുണ്ടാക്കി. പീഡനം കണ്ടില്ലെന്ന് നടിച്ചു. പ്രതിക്കൊപ്പം ഉറങ്ങി. കോടതിയില്‍ ഉള്‍പ്പെടെ മൊഴിമാറ്റി. എന്നിങ്ങനെ അമ്മയ്‌ക്കെതിരായ ആരോപണം ശക്തമായിരുന്നു. ഇതുതന്നെയാണ്  പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതും.

പ്രതികളെ വെറുതെവിട്ടതോടെ വിഷയത്തില്‍ പഠനം നടത്തി സമഗ്രമായ ഒരു കുറിപ്പ് അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ അണികള്‍ ഹരീഷിനെതിരെ സൈബറാക്രമണം നടത്തി. ഹരീഷ് അന്ന് പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സിബിഐയുടെ കണ്ടെത്തല്‍. അമ്മയെ തെരുവിലിറക്കി പ്രതിപക്ഷ പാര്‍ട്ടികളും തീവ്ര സംഘടനകളും സര്‍ക്കാരിനെതിരെ നടത്തിയ സമരം ചോദ്യം ചെയ്യപ്പെടുന്നതാണ് സിബിഐയുടെ കുറ്റപത്രം.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്,

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിര്‍ബന്ധിച്ചാല്‍ എന്ത് ചെയ്യും?

വാളയാറിലെ 2 കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കിയ സംഭവമാണ്. മന:സാക്ഷി ഉള്ള മനുഷ്യരൊക്കെ അതില്‍ വേദനിച്ചു, മിക്കവരും പ്രതികരിച്ചു.

പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ട അന്ന് രാത്രി ഉറങ്ങിയിട്ടില്ല. കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചു. പിറ്റേന്ന്

മുതല്‍ ഒരാഴ്ച രേഖകള്‍ സംഘടിപ്പിച്ചു കേസ് പഠിക്കാനുള്ള ശ്രമം ആയിരുന്നു. ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. കേസ് പഠിച്ചപ്പോഴാണ് പലതും മനസിലാകുന്നത്.

കേസിന്റെ നാള്‍വഴി

ആദ്യകുട്ടി തൂങ്ങിമരിച്ചു. മാതാപിതാക്കള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല. അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49 ആം ദിവസം ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്.

അന്വേഷണം 52 ആം ദിവസം സോജന്‍ എന്ന DYSP ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ, കതിരൂര്‍ മനോജ് വധക്കേസില്‍, ദിലീപിനെ അറസ്റ്റ് ചെയ്ത, ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത ടീമിലെ പ്രധാനിയാണ് DYSP സോജന്‍.

ഒറ്റ ദിവസത്തിനുള്ളില്‍ പ്രധാന 4 പ്രതികളെ ടിയാന്‍ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുട്ടി മരിച്ച സീനില്‍ പോയി ആത്മഹത്യ തന്നെയാണോ എന്നു ഉറപ്പിക്കണം എന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എഴുതിയ ഡോക്ടര്‍ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിരീകരിച്ചു.

ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമയബന്ധിതമായി സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം തള്ളിച്ചു, അപ്പീലിലും ജാമ്യം തള്ളിച്ചു. ചാര്‍ജ് ഷീറ്റ് കൊടുക്കുംവരെ പ്രതികള്‍ ജയിലില്‍. എന്നാല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കീഴ്ക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ DYSP ഹൈക്കോടതിയില്‍ അപ്പീല്‍ പോയി ജാമ്യം റദ്ദാക്കി. പ്രതികളെ തമിഴ്നാട്ടില്‍ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. വീണ്ടും ജയിലിലാക്കി. ജാമ്യം കൊടുത്തതിനു ജഡ്ജിക്കുള്ള പരോക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്ന് വന്നു.

ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കല്‍ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടില്‍ വിലക്കിയോ? പോലീസില്‍ പരാതിപ്പെട്ടോ? ഇല്ല.

എന്തേ? അതേപ്പറ്റി അവര്‍ ഇപ്പോള്‍ മിണ്ടില്ല.

മറ്റൊരു പ്രതിയോടൊപ്പമാണ് അവര്‍ ആ മുറിയില്‍ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു.

സാധാരണ കേസുകളില്‍ ഇരയുടെ അച്ഛനോ അമ്മയോ സാക്ഷിയായാല്‍ പോലീസ് CrPC 164 പ്രകാരം മൊഴി കൊടുപ്പിക്കില്ല. കാരണം അവര്‍ മൊഴിമാറ്റുമെന്നു വിശ്വസിക്കാന്‍ വയ്യ. ഈ കേസില്‍ DYSP അവരുടെ 164 മൊഴി മജിസ്ട്രേറ്റിന് മുന്‍പില്‍ രേഖപ്പെടുത്തി.

എന്തുകൊണ്ടാണെന്ന് രേഖകള്‍ വായിക്കുമ്പോൾ  മനസിലാകും. പൊലീസിന് നല്‍കിയ മൊഴിയും ജഡ്ജിക്ക് നല്‍കിയ 164 മൊഴിയും ഒടുക്കം കൂട്ടില്‍ക്കയറി പറഞ്ഞതും ഒക്കെ തമ്മിലുള്ള വൈരുദ്ധ്യം വിധിയില്‍ എടുത്തു പറയുന്നുണ്ട്. ആരുടെ? ഈ അമ്മയുടെ..

164 മൊഴിയില്‍ അവര്‍ മന:പൂര്‍വ്വം ഒരു പ്രതിയുടെ പേര് പറഞ്ഞില്ല. വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല

എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത്?

പ്രോസിക്യൂട്ടര്‍ ലത ജയരാജ് കേസ് നടത്തി, അടഞ്ഞ മുറിയില്‍. പ്രോസിക്യൂഷനെ സഹായിക്കാം എന്നു DYSP സോജന്‍ കോടതിയോട് രേഖാമൂലം പറഞ്ഞു. ആവശ്യമില്ലെന്ന് ആ പ്രോസിക്യൂട്ടര്‍ നിലപാട് എടുത്തത് കൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളി. ഈ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെഴുതി. കോടതിവിധിയിലൂടെ ജോലി വാങ്ങിയ പ്രോസിക്യൂട്ടര്‍ ആയതിനാല്‍ ആവണം, സര്‍ക്കാര്‍ അന്ന് കൈമലര്‍ത്തി. ഒന്നാമത്തെ വീഴ്ച.

മൂത്ത പെണ്കുട്ടിയുടെ സുഹൃത്ത് കൊടുത്ത ഒരു മൊഴിയില്‍ പറയുന്നുണ്ട് അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാത്സംഗത്തെപ്പറ്റി. രണ്ടാനച്ഛന്‍ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായി മൊഴിയുണ്ട്. അതേ മുറിയില്‍ അതുകഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളില്‍ വായിക്കുമ്ബോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും.

SC ST അട്രോസിറ്റി ആക്റ്റ് എടുക്കാന്‍ ഒറ്റ നോട്ടത്തില്‍ വകുപ്പില്ലെങ്കിലും ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ പ്രതികള്‍ക്കെതിരെ ആ വകുപ്പ് ചുമത്തി DYSP. മരിച്ച മക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് ലഭ്യമാക്കിയത്

അഡ്വ.രാജേഷ് ഇതില്‍ ഒരു പ്രതിക്കായി വക്കാലത്ത് എടുത്തിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആയപ്പോള്‍ അത് ഒഴിയുകയും ചെയ്തു.

ഇതാണ് ആ കേസിനെ വീണ്ടും വിവാദമാക്കിയത്.

പ്രധാന സാക്ഷികള്‍ അടക്കം കൂറുമാറുന്നു. അമ്മയുടെ സ്വഭാവദൂഷ്യം, പ്രതികളുമായുള്ള ബന്ധം എന്നിവ ഒളിഞ്ഞും തെളിഞ്ഞും പ്രതിഭാഗം വിചാരണയില്‍ കൊണ്ടുവരുന്നു. ഉള്ള തെളിവുകള്‍ പ്രോസിക്യൂട്ടറോ കോടതിയോ വേണ്ടവിധം വിലയിരുത്തുന്നില്ല. കേസ് നടത്തിപ്പിലെ വീഴ്ച മൂലം മുഴുവന്‍ പ്രതികളേയും പോക്‌സോകോടതി വെറുതെ വിട്ടു. സര്‍ക്കാരും ആ അമ്മയും അപ്പീല്‍ നല്‍കുന്നു. പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പിരിച്ചുവിടുന്നു. ഹൈക്കോടതി അപ്പീലില്‍ തെളിവുകള്‍ വീണ്ടും പരിശോധിക്കുകയും കീഴ്‌ക്കോടതിക്കും പ്രോസിക്യൂഷനും വിചാരണയില്‍ സംഭവിച്ച പിഴവ്  അക്കമിട്ടു നിരത്തുകയും പുനര്‍വിചാരണ ഉത്തരവിടുകയും ചെയ്തു. തെളിവുകള്‍ നോക്കി നീതി ലഭ്യമാക്കാന്‍ കീഴ്ക്കോടതി ജഡ്ജി തീര്‍ത്തും പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു പ്രധാന പ്രതി ഇതോടെ ആത്മഹത്യ ചെയ്തുആ അമ്മ CBI അന്വേഷണം ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടില്ല. പുനര്‍വിചാരണ ഉത്തരവിട്ടശേഷം സര്‍ക്കാര്‍ CBI അന്വേഷണത്തിനു സമ്മതിച്ചു, അമ്മയുടെ രണ്ടാമത്തെ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഒരു കാര്യം എനിക്കുറപ്പാണ്. പോക്‌സോ നിയമം കര്‍ശനമായി നോക്കി CBI കേസ് അന്വേഷിച്ചാല്‍, കുട്ടികളോടുള്ള ക്രൂരത കണ്ടിട്ടും തടയാതെ ഇരുന്ന, പോലീസില്‍ അറിയിക്കാതിരുന്ന, പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ആ സ്ത്രീയ്ക്ക് എതിരെ അവര്‍ കേസെടുക്കും എന്നുറപ്പാണ്. നിയമം അനുസരിച്ച്‌ അവരീ കേസില്‍ കൂട്ടുപ്രതിയാകേണ്ടതാണ്.

കേസന്വേഷിച്ച പോലീസുകാര്‍ക്ക് വീഴ്ച പറ്റിയോ എന്നന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ്.ഹനീഫയെ ജുഡീഷ്യല്‍ കമ്മീഷനായി വെച്ചു. ജസ്റ്റിസ്.ഹനീഫ റിപ്പോര്‍ട്ട് അനുസരിച്ച്‌ CI ചാക്കോ കുറ്റക്കാരനാണ്. ഇനി ഒരിക്കലും ഒരു കേസും ചാക്കോ അന്വേഷിക്കരുത് എന്ന ഉത്തരവ് ഇറക്കി. പോരാ, അയാളെ പിരിച്ചു വിടണമായിരുന്നു. DYSP സോജനു എതിരെ ഒരു കുറ്റവും കമ്മീഷന്‍ റിപ്പോര്‍ട്ടിലില്ല. അമ്മയും സര്‍ക്കാരും കൊടുത്ത അപ്പീല്‍ കേസില്‍ പോലും ഹൈക്കോടതി സോജന്റെ അന്വേഷണത്തെ പുകഴ്ത്തുന്ന നിരീക്ഷണം നടത്തി.

സംശയമുള്ളവര്‍ വിധി വായിച്ചു നോക്കുക Crl. Appeal No.1357 of 2019 ലെ 103 ആം പാരഗ്രാഫ്).

ഉള്ളില്‍ തട്ടുന്ന 2 വരികള്‍ കൂടി ജസ്റ്റിസ്.ഹരിപ്രസാദും ജസ്റ്റിസ്.അനിതയും എഴുതിയ ഹൈക്കോടതി വിധിയിലുണ്ട്. 'Materials on record clearly indicate that the poor girls living in an unsafe family environment. We are able to visualise the predicament in which the unfortunate children could have been placed; whom to be trusted?'.

ആ കുട്ടികള്‍ ആരെ വിശ്വസിക്കണമായിരുന്നു എന്ന് രേഖകള്‍ എല്ലാം കണ്ട ജഡ്ജിമാര്‍ ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ !

നീതി ലഭ്യമാക്കാന്‍ പരാജയപ്പെട്ട പ്രോസിക്യൂഷന്‍ ആ തെറ്റ് സമ്മതിച്ചു തിരുത്തി മുന്നോട്ടു പോകുന്നു. CBI അഡീഷണല്‍ കുറ്റപത്രം നല്‍കും. ഇനിയെന്ത് ചെയ്യണമെന്നാണ്??

ഏതെങ്കിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തില്ല / രക്ഷിച്ചു എന്ന ഒരു പരാതിയും ആ അമ്മയ്‌ക്കോ അവരേ രാഷ്ട്രീയ വേഷം കെട്ടിക്കുന്നവര്‍ക്കോ ഇല്ല. ഉണ്ടോ?

ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് DYSP ക്ക് എതിരെ ഇനി നടപടി എടുക്കാനാകുക? ആരെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌തോ? ഇതുവരെ ഇല്ല. ഹൈക്കോടതി വിധിയെ? ഇല്ല. പിന്നെ??

രണ്ടു മക്കള്‍ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികള്‍ അറിഞ്ഞപ്പോള്‍ ഇല്ലാതായി. ആ കുട്ടികള്‍ക്ക് നീതി നിഷേധിച്ച പോലീസ് സിസ്റ്റത്തിനും സര്‍ക്കാരിനും കോടതിക്കും മുന്‍പ് അതിലും കടുത്ത കുറ്റവാളിയാണ് ആ അമ്മ.ആ കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്നെനിക്ക് ഉറപ്പാണ്.

തെരഞ്ഞെടുപ്പ് കാലത്ത്, ഇതുമായി പുലബന്ധം ഇല്ലാത്ത വ്യക്തികള്‍ക്ക് എതിരെ നട്ടാല്‍കുരുക്കാത്ത നുണ പ്രചരിപ്പിക്കാനും, അത് പൊളിഞ്ഞു വീഴും മുന്‍പ് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനും പറ്റിയേക്കും. പക്ഷെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ പറ്റില്ല.

ഞാന്‍ ചാലഞ്ച് ചെയ്യുന്നു, എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയില്‍ കാണാം.

വളരെ പുതിയ വളരെ പഴയ