Zygo-Ad

ചെന്താമരയെ ജയിലിൽ ഇട്ടിട്ട് കാര്യമില്ല, കൊല്ലണം ; എന്നാലെ എല്ലാവർക്കും നീതി കിട്ടൂ -കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

 


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകരുതെന്ന് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ. അയാളെ കൊന്നാൽ മാത്രമേ സമാധാനത്തോടെ ഇരിക്കാൻ കഴിയൂ. പിടിച്ച് ജയിലിൽ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാൾ ഇനിയും പുറത്തിറങ്ങും. എല്ലാവർക്കും നീതി കിട്ടണമെങ്കിൽ അയാളെ കൊല്ലണമെന്നും സുധാകരന്റെ മക്കൾ പറഞ്ഞു.

കഴിഞ്ഞ മണിക്കൂറുകൾ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കൾ പറഞ്ഞു. ആ ഭയം വിട്ടു പോകണമെങ്കിൽ വധശിക്ഷ നടപ്പാക്കണം. മറ്റൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ല. പൊലീസിനും സർക്കാരിനും ഇനി വീഴ്ച സംഭവിക്കാൻ പാടില്ല. തങ്ങൾക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരൻ്റെ മക്കൾ പറഞ്ഞു.

ഇന്നലെ രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാൻ എത്തുമെന്ന അയാളുടെ ചേട്ടൻ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോൾ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ പോത്തുണ്ടി മാട്ടായിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് (പതിയെ  പോത്തുണ്ടിയിൽ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.

വീട്ടിൽ നിന്ന് വൈദ്യ പരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ പിടികൂടി എന്ന വാർത്തവന്നതോടെ നെന്മാറ പൊലീസ് സ്റ്റേഷൻ പരിസരത്ത് ജനം തമ്പടിച്ചിരുന്നു..  

പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷൻ്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു.ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകർത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്.സ്കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.

തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടിൽ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു.   സജിതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാവുകയായിരുന്നു.

2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ൽ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാൾ വീണ്ടും നെന്മാറയിൽ എത്തി. ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരൻ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു.

ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചെന്താമര തിരുപ്പൂരിൽ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല

വളരെ പുതിയ വളരെ പഴയ