നെയ്യാറ്റിൻകര സമാധി വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമാധിയായെന്ന് മക്കള്‍ വാദിക്കുന്ന ഗോപൻ വർഷങ്ങളായി കിടപ്പു രോഗിയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് മകനായ രാജസേനൻ ഗോപനെ വഴക്ക് പറയുമായിരുന്നുവെന്നും അയല്‍ വാസികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ മോഷണക്കേസില്‍ പൊലീസ് മുൻപ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ അർദ്ധരാത്രി ആഭിചാര കർമങ്ങള്‍ ചെയ്യുമായിരുന്നുവെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം ഗോപൻ സമാധിയായെന്ന പോസ്റ്ററുകള്‍ വീടിനടുത്തുളള ക്ഷേത്രത്തിന്റെ മതിലില്‍ മക്കള്‍ പതിപ്പിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർഡിഒയുടെ സാന്നിദ്ധ്യത്തില്‍ മക്കള്‍ കെട്ടിയ സമാധി സ്ഥലം പൊളിക്കും. മൃതദേഹം കണ്ടെത്തിയാല്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.
അച്ഛൻ സ്വന്തം ആഗ്രഹ പ്രകാരം സമാധിയായെന്നാണ് രാജസേനൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 2016ലാണ് ഗോപൻ വീടിനോട് ചേർന്ന് ഒരു ക്ഷേത്രം നിർമിച്ചത്. ആദ്യ രണ്ടു വർഷങ്ങളില്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ കൃത്യമായി നടന്നിരുന്നു.
എന്നാല്‍ അടുത്തിടെയായി ക്ഷേത്രത്തിലെ ചടങ്ങുകള്‍ രാത്രി സമയങ്ങളിലാണ് നടന്നിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അച്ഛന്റെ സമാധിയിലൂടെ ക്ഷേത്രത്തിന്റെ അഭിവൃദ്ധിയുണ്ടാകുമെന്നാണ് രാജസേനൻ പറയുന്നത്.