ഗുരുവായൂർ: പ്രശസ്ത സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി.രവീന്ദ്രനെ(93) ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ക്യാപ്പിറ്റല്‍ സഫറോണ്‍ എന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രശസ്ത സംഗീതജ്ഞൻ പറവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടില്‍ കൊച്ചു ഗോവിന്ദൻ ആശാന്‍റെയും കൊച്ചു കുഞ്ഞിന്‍റെയും മകനാണ്.
റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ഗുരുവായൂരിലാണ് താമസം.
ഇദ്ദേഹം രണ്ടു ദിവസമായി പുറത്തിറങ്ങാതിരുന്നതിനാല്‍ അടുത്ത വീട്ടുകാർ അന്വേഷിച്ചിരുന്നു. ഇന്നലെ പകല്‍ വീടിനുള്ളില്‍നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിള്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
പരേതയായ ഗോമതിയാണ് സഹോദരി. പോലിസ് നടപടികള്‍ക്കു ശേഷം മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടത്തിനു ശേഷം ഇന്ന് ലാലൂരിലെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കും.