കാൻസര്‍ നിയന്ത്രിത കണ്ണൂര്‍ കോര്‍പ്പറേഷൻ: നാലാംഘട്ട തുടര്‍ പദ്ധതിക്ക് തുടക്കം


കണ്ണൂർ: കണ്ണൂർ കോർപ്പറേഷനെ കാൻസർ നിയന്ത്രിതമാക്കുക എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച സമഗ്ര കാൻസർ നിയന്ത്രണ പരിപാടി നാലാം ഘട്ടത്തിലേക്ക്.

കാൻസർ പ്രതിരോധത്തിനായും രോഗം നേരത്തെ കണ്ടെത്തുന്നതിനുമുള്ള ബോധവല്‍ക്കരണത്തോടൊപ്പം സാദ്ധ്യതാ ലക്ഷണം സംശയിക്കുന്നവരെ കണ്ടെത്തി ഗ്രാമതല ക്യാമ്പുകളിൽ എത്തിച്ച്‌ പരിശോധന നടത്തിയുള്ള ഫില്‍ട്ടർ ക്യാമ്പുകൾ എല്ലാ സോണുകളിലും നടത്തി. 

വിദഗ്ധ പരിശോധന ആവശ്യമുള്ളവർക്ക് മെഗാ ക്യാമ്പിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ക്യാൻസർ ഇല്ല എന്ന് ഉറപ്പു വരുത്തുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സാ മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

2018 ല്‍ തുടങ്ങിയ പദ്ധതിയാണിത്. രണ്ടും മൂന്നും ഘട്ട തുടർപ്രവർത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തെ പ്രഥമ കോർപ്പറേഷൻ ആണ് കണ്ണൂർ. നാലാംഘട്ട തുടർ പദ്ധതിയുടെ പ്രവർത്തനം ഈ വർഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ മാസം 19 നു തുടക്കം കുറിക്കും.

 കണ്ണൂർ കോർപ്പറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മലബാർ കാൻസർ കെയർ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

2630 വളണ്ടിയർമാർ

കഴിഞ്ഞ 3 ഘട്ടങ്ങളിലായി 2630 വളണ്ടിയർമാർക്ക് തീവ്ര പരിശീലനം നല്‍കുകയും കോർപ്പറേഷൻ പരിധിയിലെ എല്ലാ വീടുകളിലും കയറിയിറങ്ങി കാൻസർ പ്രതിരോധത്തിനായും രോഗം നേരത്തെ കണ്ടെത്തുന്നതിനായുള്ള ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. സാദ്ധ്യത ലക്ഷണങ്ങള്‍ സംശയിക്കുന്ന 1400 ആളുകളെ കണ്ടെത്താനും സാധിച്ചിട്ടുണ്ട്. 

23 ഗ്രാമ തല ഫില്‍ട്ടർ ക്യാമ്പുകൾ നടത്തി വിദഗ്ധ പരിശോധന നടത്തുകയും തുടർന്ന് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന സ്‌പെഷ്യാലിറ്റി ആശുപത്രിയായ സഞ്ജീവിനി ടെലി ഓണ്‍ക്കോ നെറ്റ് യൂണിറ്റിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ സോണുകളിലുമായി 6 മെഗാ ക്യാമ്പുകളും നടത്തി. 

20 ആളുകളെ നേരത്തെയുള്ള സ്റ്റേജില്‍ ക്യാൻസർ കണ്ടെത്തി ചികിത്സാ മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കി.

നാലാം ഘട്ട തുടർ പദ്ധതി

കാൻസർ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തിന് തുടർ പ്രവർത്തനം അനിവാര്യമായതിനാലാണ് നാലാം ഘട്ട പദ്ധതി ഈ വർഷത്തെ പദ്ധതിയില്‍ പ്രാധാന്യത്തോടെ നടപ്പിലാക്കുന്നത്. 

കോർപ്പറേഷനിലെ ഹരിത കർമ്മസേന അംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍, കണ്ടിജന്റ് വർക്കേഴ്സ് കോർപ്പറേഷനിലെ ജീവനക്കാർ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ് ഈ വർഷത്തെ പ്രവർത്തനം ലക്ഷ്യമിടുന്നത്.

 19 ന് കണ്ണൂർ കോർപ്പറേഷൻ ഓഫീസില്‍ നടക്കുന്ന ഫില്‍ട്ടർ ക്യാമ്പ് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്യുകയും ഡെപ്യൂട്ടി മേയർ പി.ഇന്ദിര അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും.

വളരെ പുതിയ വളരെ പഴയ