സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് കെഎസ്ഇബി

   


സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം. വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവൽകരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. അടുത്ത അഞ്ചു വ൪ഷത്തിനുള്ളിൽ കൂടുതൽ സ്ഥാപിത ശേഷി, ഉയ൪ന്ന മൂലധന നിക്ഷേപം എന്നിങ്ങനെ കെ.എസ്.ഇബിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള പ്രവ൪ത്തനങ്ങളെല്ലാം ഇനി എസ്ബിഐ കാപ്സ് ഏറ്റെടുക്കും. പമ്പ്ഡ് സ്റ്റോറേജ്, ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിക്കൽ, പദ്ധതികളിൽ പങ്കാളിത്തം ആഗ്രഹിക്കുന്ന കമ്പനികളുമായുള്ള കൂടിക്കാഴ്ച, അനുമതി പത്രം ഒപ്പുവെപ്പിക്കൽ, പദ്ധതി മൂലധനം സ്വരൂപിക്കൽ. എല്ലാത്തിൻറെയും ഉപദേശകരായി രണ്ടുവർഷത്തേക്കാണ് കാപ്സുമായി ധാരണപത്രം ഒപ്പിടുക.


റിന്യുവബ്ൾ പവർ കോർപറേഷൻ കേരള ലിമിറ്റഡിനെ കേരള സ്റ്റേറ്റ് ഗ്രീൻ എനർജി കമ്പനിയാക്കി ബോണ്ടുകളിറക്കിയും ഡെപോസിറ്റ് വാങ്ങിയും സ്വകാര്യപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കുന്നകാര്യം പഠിച്ച് അഭിപ്രായം സമർപ്പിക്കാൻ ചെയർമാൻ ഓഫിസർമാരുടെ സംഘടനകളോട് നിർദേശിച്ചിരുന്നു. ഇതിൻറെ തുട൪ച്ചയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. പുതിയ പദ്ധതികൾക്കായി വായ്പയെടുക്കൽ കെ.എസ്ഇബിക്ക് സാധ്യമല്ല. സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്കെത്താൻ 25 മെഗാവാട്ടിന് താഴേയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, സ്റ്റാർട്ട് അപ്, എച്ച്.ഡി-ഇ.എച്ച്.ടി ഉപഭോക്താക്കൾ തുടങ്ങിയവയുടെ മൂലധന മുടക്കിൽ പവർ പർച്ചേസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലും 25 മെഗാവാട്ടിന് മുകളിലുള്ള പദ്ധതികൾ മറ്റുള്ളവരിൽ നിന്ന് മൂലധനം സ്വരൂപിച്ചും നടപ്പാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

വളരെ പുതിയ വളരെ പഴയ