തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ യുവതി ട്രെയിനിനിടയിൽ വീണ് മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ കാർത്തികാ ദേവിക്കാണ് (35) ദാരുണാന്ത്യം സംഭവിച്ചത്.
കഴക്കൂട്ടത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുന്നൂർ-മധുര പാസഞ്ചർ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുമ്പോണ് ഈ അപകടം സംഭവിച്ചത്.
കയറുന്നതിനിടയിൽ യുവതി കാൽ വഴുതി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം 7.45നായിരുന്നു അപകടം. ഫ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ ചെറിയ വേഗതയിൽ നീങ്ങിത്തുടങ്ങിയിരുന്നു. ആ സമയത്ത് ട്രെയിനിൽ കയറാൻ തുടങ്ങിയ യുവതി ട്രെയിനിനും ഫ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയാണുണ്ടായത്. സംഭവത്തെ തുടർന്ന് ട്രെയിൻ നിർത്തിയെങ്കിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്. ക്രിസ്മസ് - ന്യൂയർ അവധി കഴക്കൂട്ടത്ത് ആഘോഷിച്ച് മധുരയിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.