73 ലക്ഷം രൂപയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ മലയാളി യുവാവ് അറസ്റ്റില്‍


മംഗളൂരു: കാറില്‍ കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളി യുവാവിനെ മുല്‍ക്കിക്ക് സമീപം ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കന്തലാട് സ്വദേശി പി.കെ. ഷമീറാണ് അറസ്റ്റിലായത്.

73 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു. മൊബൈല്‍ ഫോണും മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവയില്‍ നിന്ന് മംഗളൂരുവിലേക്കും കേരളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കാനാണ് ഷമീർ മയക്കു മരുന്ന് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 

മുല്‍ക്കി ടൗണിന്റെ പ്രാന്ത പ്രദേശത്തുള്ള ബാപ്പനാടിന് സമീപം സിസിബി പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയത്. വിദേശത്തു നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിസിബി പൊലീസ് വ്യക്തമാക്കി. 

സിസിബി അന്വേഷണ സംഘത്തില്‍ എ.സി.പി മനോജ് കുമാർ നായക്കിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ എച്ച്‌.എം. ശ്യാംസുന്ദർ, സബ് ഇൻസ്പെക്ടർ ശരണപ്പ ഭണ്ഡാരി, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ