കണ്ണൂർ: ജനറല്‍ ടിക്കറ്റുമായി റിസർവേഷൻ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടി ടി ഇക്ക് നേരെ കയ്യേറ്റം. സംഭവത്തില്‍ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ട്രെയിൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിന് മുൻപാണ് അതിക്രമം നടന്നത്.
ജനറല്‍ ടിക്കറ്റുമായി റിസർവേഷൻ കോച്ചില്‍ യാത്ര ചെയ്യുന്ന യാക്കൂബിനെ ടി ടി ഇ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടായി. ഇത് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ടി ടി ഇയുടെ കയ്യിന് പരിക്കേറ്റു. തുടർന്ന് അദ്ദേഹം ആർ പി എഫിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്‌ക്കായി പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.