കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ റൂട്ടില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി.
കോഴിക്കോട് എലത്തൂർ പുതിയ നിരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് എയർ ഹോൺ മുഴക്കി അപകടമുണ്ടാകുന്ന വിധത്തിൽ അമിത വേഗതയിൽ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസ്സാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
വാഹനത്തിന്റെ അമിത വേഗം ശ്രദ്ധയിൽപെട്ട ട്രാഫിക് എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ പുതിയ നിരത്തിൽ വച്ച് കൈ കാണിച്ചെങ്കിലും ഡ്രൈവർ നിർത്താതെ ഓടിപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ പിന്തുടർന്ന് കൊട്ടേടത്ത് ബസാറിൽ വച്ച് ബസ് തടഞ്ഞാണ് പിടി കൂടിയത്.
ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവറായ കണ്ണൂർ ചൊവ്വ സ്വദേശി മൃതുൻ(24) അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി പൊലീസുകാർ പറഞ്ഞു.
നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ബസ് ജീവനക്കാർ പിന്മാറുകയായിരുന്നു. സംഭവത്തെ തുടർന്ന് മൃതുനെതിരേ കേസ് രജിസ്റ്റർ ചെയ്തു. ബസ് കസ്റ്റഡിയിൽ എടുത്ത പൊലീസ് എയർ ഹോൺ അഴിച്ചു മാറ്റുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.