സ്വകാര്യ ബസ് ഇടിച്ച് ആരെങ്കിലും മരിക്കുന്ന അപകടം ഉണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബസ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റാൽ പെര്‍മിറ്റ് മൂന്ന് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു
സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനൊപ്പം ബസ് ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരെ നിയമിക്കുന്നതിന് യാതൊരു മാനദണ്ഡവും ഇതുവരെയില്ല. എന്നാല്‍ ഇനിയങ്ങോട്ട് പോലീസ് വേരിഫിക്കേഷന് ശേഷമാകും ഈ ജോലികളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ യാതൊരുവിധ ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടില്ലെന്ന പോലീസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ സ്വകാര്യ ബസില്‍ ജീവനക്കാരനായി പ്രവേശനം അനുവദിക്കാവൂവെന്ന് ഉടമകള്‍ക്കും നിര്‍ദേശം നല്‍കി.
ബസിലെ ഡ്രൈവിങ് സംബന്ധിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി ഒരു ഫോണ്‍ നമ്പര്‍ പതിപ്പിക്കാനും ഉടമകളോട് ആവശ്യപ്പെട്ടു. ആരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയും വേണം.
ബസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആരംഭിക്കും.
ബസുകളുടെ മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യാനും തീരുമാനിച്ചു.
ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. രാത്രി വൈകിയും ഓടേണ്ട റൂട്ടുകളില്‍ ഈ ട്രിപ്പുകള്‍ ഒഴിവാക്കിയാല്‍ പെര്‍മിറ്റ് ലംഘനത്തിന് നടപടി സ്വീകരിച്ച് പെര്‍മിറ്റ് റദ്ദാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.