നമ്മുടെ രാജ്യത്ത് ഏകദേശം 300-ഓളം സ്പീഷീസുകളില്‍പ്പെട്ട പാമ്പുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ 66-ഓളം പാമ്പുകള്‍ മാരക വിഷമുള്ളതാണ്.
ഇവയില്‍ 23-ഓളം പാമ്പുകള്‍ കടിച്ചാല്‍ മരണം ഉറപ്പാണ്. മൂർഖൻ, രാജവെമ്പാല, അണലി എന്നീ പാമ്പുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 30 മുതല്‍ 40 ലക്ഷം വരെ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് പ്രതി വർഷം റിപ്പോർട്ട് ചെയ്യാറുള്ളത്. അതു കൊണ്ട് തന്നെ പാമ്പ് കടിയേല്‍ക്കുന്നതിനെ ഗുരുതര പ്രശ്‌നം ആയിട്ടാണ് സർക്കാർ കാണുന്നത്.
ഇതിന്റെ തുടർച്ചയായി പാമ്പ് കടിയേല്‍ക്കുന്നത് ഇപ്പോള്‍ നോട്ടിഫൈയബിള്‍ ഡിസീസ് വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
അതായത് പാമ്പ് കടിയേറ്റ് ചികിത്സ തേടി ആരെങ്കിലും എത്തിയാല്‍ അതേക്കുറിച്ച് സർക്കാർ, സ്വകാര്യ ആശുപത്രികള്‍ നിർബന്ധമായും സർക്കാരിനെ അറിയിച്ചിരിക്കണം. എന്താണ് ഈ പുതിയ നിർദ്ദേശത്തിന് കാരണം എന്ന് നോക്കാം.
മഹാ മാരിയെയോ അല്ലെങ്കില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിന് കാരണം ആകുകയോ ചെയ്യുന്ന അസുഖങ്ങളെയാണ് നോട്ടിഫൈയബില്‍ ഡിസീസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താറ്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേർക്ക് ജീവൻ നഷ്ടമാകുന്നത് പാമ്പ് കടിയേറ്റിട്ടാണ്.
എച്ച്‌ഐവി, ഡെങ്കിപ്പനി, മലേറിയ, ക്ഷയം എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് രോഗങ്ങള്‍. പാമ്പ് കടിയേറ്റാല്‍ ഉടനെ തന്നെ വൈദ്യ സഹായം ആവശ്യമാണ്. അല്ലാത്ത പക്ഷം അത് ജീവന് തന്നെ ആപത്ത് ആയേക്കാം. ആന്റി വെനം നല്‍കിയാണ് പാമ്പ് കടിയേറ്റ ആളുകളുടെ ജീവൻ രക്ഷിക്കാറുള്ളത്. ഈ ആന്റി വെനത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം.