കണ്ണൂർ: കേളകത്ത് സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാൻ ഇറങ്ങിയ അധ്യാപകൻ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു. കണിച്ചാർ നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നേല്‍ ജെറിൻ ജോസഫാണ് (27) മരിച്ചത്.
ബാവലി പുഴയില്‍ കൊണ്ടേരിക്ക് സമീപം ആഞ്ഞിലിക്കയത്തില്‍ ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം .
പുഴയുടെ ഒരു ഭാഗം ആഴമുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു. ഇതറിയാത്ത ജെറിൻ കയത്തില്‍പ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെത്തുടർന്ന് നാട്ടുകാരെയും കേളകം പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും കേളകം പോലീസും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനും കാക്കയങ്ങാട് മാതൃക എല്‍പി സ്കൂളിലെ താത്കാലിക അധ്യാപകനുമായിരുന്നു. നെല്ലിക്കുന്നില പരേതനായ ശാസ്താംകുന്നേല്‍ റോയി-ജെസി ദമ്പതികളുടെ മകനാണ്. സഹോദരി: ജുവല്‍. സംസ്കാരം പിന്നീട് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യൻ പള്ളിയില്‍ നടക്കും.