മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജന്നത്ത് ജെൻഡർ ന്യൂട്രല്‍ യൂണിഫോമിട്ട് സ്കൂളില്‍ പോകാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സ്കൂള്‍ അധികൃതരുടെ നിലപാട് തിരുത്തിയാണ് പ്രത്യേക ഉത്തരവിറക്കിയത്
ആണ്‍കുട്ടികള്‍ക്ക് പാന്റും ഷർട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവർകോട്ടുമാണ് സ്കൂളില്‍ പിടിഎ നിശ്ചയിച്ച യൂണിഫോം. ഇത് ധരിക്കണമെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ നിലപാട്.
എന്നാല്‍ സ്ലിറ്റ് ഇല്ലാത്ത ചുരിദാർ ടോപ്പ് ധരിക്കുമ്പോൾ മകള്‍ക്ക് സ്വതന്ത്രമായി ചലിക്കാനോ ബസില്‍ കയറാനോ സാധിക്കില്ലെന്ന് കാണിച്ച് ജന്നത്തിന്റെ രക്ഷിതാവ് അഡ്വ.ഐഷ പി ജമാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. ഇത് പരിശോധിച്ചാണ് ജന്നത്തിന് ജൻഡർ ന്യൂട്രല്‍ യൂണിഫോം ധരിക്കാമെന്ന് ഉത്തരവിറക്കിയത്.
ഇതില്‍ താത്പര്യമില്ലാത്തവർക്ക് പിടിഎ നിശ്ചയിച്ച യൂണിഫോം ധരിക്കാമെന്നും ഉത്തരവിലുണ്ട്. പാന്റും ഷർട്ടും യൂണിഫോമായി ധരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ജന്നത്ത് ആദ്യം സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും ആവശ്യം സ്കൂള്‍ അധികൃതർ നിഷേധിക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ യൂണിഫോം സംബന്ധിച്ച പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം യോഗം ചേർന്ന് ചർച്ച നടത്തിയെങ്കിലും നിലവിലെ യൂണിഫോമില്‍ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് പിടിഎ നിലപാടെടുത്തു.
ഇതോടെ പ്രത്യക ഉത്തരവിലൂടെ ജന്നത്തിന്റെ ഇഷ്ട പ്രകാരം യൂണിഫോം ധരിക്കാമെന്നും പിടിഎയ്ക്ക് തങ്ങളുടെ തീരുമാനം നടപ്പാക്കാമെന്നും പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് ജന്നത്തിന്റെ രക്ഷിതാവ് പറഞ്ഞു.