വിദ്യാര്‍ഥികളുടെ പരാതി; അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 15,000 രൂപ പിഴ


പയ്യന്നൂർ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് പിഴ ചുമത്തി.

പെരുമ്പ ജി.എം.യു.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് 15000 രൂപ പിഴ ചുമത്തിയത്. 

പെരുമ്പ ജി.എം.യു.പി സ്കൂളില്‍ സപ്ത ദിന ക്യാമ്പിന് എത്തിയ വെള്ളൂർ ജി.എച്ച്‌.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികള്‍ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നല്‍കിയ പരാതിയിലാണ് നടപടി. പരിശോധന വേളയില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് ഏരിയയില്‍ മുഴുവനും കറുത്ത നിറത്തിലുള്ള മലിന ജലം കെട്ടികിടക്കുന്നതാണ് സ്‌ക്വാഡ് കണ്ടത്. 

മലിന ജലത്തില്‍ കൊതുകും കൂത്താടിയും പെറ്റു പെരുകി സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും കണ്ടെത്തി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും നിരവധിയായ പ്ലാസ്റ്റിക്, പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റുകള്‍ മദ്യ കുപ്പികള്‍ അടക്കമുള്ളവ തള്ളിയിരിക്കുന്നതായും പരിശോധന വേളയില്‍ കണ്ടെത്തി. 

കെട്ടിട ഉടമസ്ഥരുമായി ബന്ധപ്പെട്ട് ഉടനടി പ്രശ്ന പരിഹാരത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നല്‍കി. പരിശോധനയില്‍ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബില്‍, പബ്ലിക് ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ ഒ.കെ. ശ്യാം കൃഷ്ണൻ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ