കണ്ണൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്രക്കുറുപ്പ് ജില്ലാ വികസന സമിതി യോഗത്തില്‍ നിർദേശം നല്‍കി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യാനാവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ എംഎല്‍എ നല്‍കിയ കത്ത് പരിഗണിച്ചാണിത്.
തളിപ്പറമ്പ് കുപ്പം പുഴയില്‍ ദേശീയ പാതയില്‍ പുതിയ പാലം നിർമിക്കുന്നതിന് മണ്ണിട്ടതിനാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പുഴ കയറി നിരവധി കാർഷിക വിളകള്‍ ഒഴുകി പോയിരുന്നു. കൂടാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉള്‍പ്പെടെ പുഴയെടുത്തു. കൃഷിക്കാർക്ക് നഷ്ട പരിഹാരം നല്‍കുന്നതിനും കര സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കീഴാറ്റൂർ തിട്ടയില്‍ പാലം മേല്‍പ്പാലം വരുന്നതിന്‍റെ ഭാഗമായി നിർമിച്ച അടിപ്പാത സംബന്ധിച്ച പ്രശ്നത്തിനുമേല്‍ നടപടി ഉണ്ടാകണം. തളിപ്പറമ്പ് പട്ടുവം റോഡില്‍ ഇരു വശവും മണ്ണിടിച്ച ഭാഗത്ത് നടക്കുന്ന പ്ലാസ്റ്ററിംഗ് പ്രായോഗികമല്ലെന്നും മറ്റ് മാർഗം ആലോചിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകുമെന്നും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ഈ കാര്യത്തിലും തീരുമാനം ഉണ്ടാവണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
പയ്യന്നൂർ മണ്ഡലത്തിലെ ദേശീയ പാത പ്രവൃത്തിയുമായി ബന്ധപ്പെട്ട് പാലം നിർമാണത്തിന്‍റെ ഭാഗമായി മണ്ണിട്ട് പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയത് നീക്കിയതായും താഴേക്കുള്ള ജലത്തിന്‍റെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിച്ചതായും, ദേശീയ പാതയുടെ അധീനതയിലുള്ള പുതിയതെരു ടൗണില്‍ രണ്ടാഴ്ചക്കുള്ളില്‍ ടാറിംഗ് പൂർത്തിയാക്കുമെന്ന് കരാറുകാരൻ ഉറപ്പു നല്‍കിയതായും എൻഎച്ച്‌എഐ പ്രോജക്‌ട് ഡയറക്ടർ അറിയിച്ചു.
ഉദ്ഘാടനം കഴിഞ്ഞ പയ്യന്നൂർ റവന്യൂ ടവറിലെ വില്ലേജ് ഓഫീസ്, പയ്യന്നൂർ താലൂക്ക് ഓഫീസ് എന്നിവക്ക് ആവശ്യമായ ഫർണിച്ചറുകള്‍ ലഭ്യമാക്കുന്നതിന് ആർട്ടിസാൻസ് ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് കേരള, തയാറാക്കിയ 48,64,529 രൂപയുടെ എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള തുടർന്ന് നടപടികള്‍ക്കുമായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചതായി എഡിഎം അറിയിച്ചു.
പയ്യന്നൂർ സബ് ആർടി ഓഫീസ് കെഎസ്‌ആർടിസി കോംപ്ലക്സിലേക്ക് മാറ്റാനുള്ള നടപടി ത്വരിതപ്പെടുത്തുന്നതിന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലേക്ക് കത്തയച്ചതായും നിർദേശം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതാണെന്നും കണ്ണൂർ ആർടിഒ അറിയിച്ചു.
കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍റെ കിഴക്ക് ഭാഗത്തെ സ്റ്റോപ്പ് മാറ്റും
കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍റെ കിഴക്കേ കവാടത്തോടു ചേർന്ന് ബസ് നിർത്തുന്നത് മൂലമുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാൻ പ്രസ്തുത ബസ് സ്റ്റോപ്പ് കിഴക്കേ കവാടത്തിന് അല്പം മുന്നോട്ടേക്ക് മാറ്റും. ഇതു സംബന്ധിച്ച് പരിശോധന കഴിഞ്ഞെന്നും മാറ്റുന്നതിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും കണ്ണൂർ കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
ജില്ലാ സിവില്‍ സ്റ്റേഷൻ കോമ്പൗണ്ടില്‍ പൊതു ജനങ്ങള്‍ക്കായി പൊതു ശുചിമുറി നിർമിക്കുന്ന പദ്ധതിക്ക് 4.5 ലക്ഷം രൂപ വകയിരുത്തിയതായും ഡിപിസി അംഗീകാരം ലഭ്യമായ പ്രകാരം എസ്റ്റിമേറ്റും തുടർന്ന് നടപടികളും സ്വീകരിച്ചു വരുന്നതായും സെക്രട്ടറി പറഞ്ഞു.