കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ:
ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.
പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമ ലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോധ്യപ്പെടുത്തും.
ഏത് സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ല. അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.
ചർച്ചയിൽ എഡിഎം സി പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്പി കെ വി വേണു ഗോപാലൻ, ആർടിഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടനകൾ, ബസ് തൊഴിലാളി യൂണിയനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.