കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ അനാസ്ഥയിൽ പയ്യാമ്പലം വാതക ശ്മശാനം തുരുമ്പെടുത്ത് നശിക്കുന്നു. 2021 ജൂലൈയിലാണ് ഏറെ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച വാതക ശ്മശാനം ഈ വർഷം ഫെബ്രുവരിയോടെ അടച്ചിടുകയായിരുന്നു.
വാതക ശ്മശാനത്തിൽ നിന്നും പുറത്ത് വിടുന്ന പുക ശുദ്ധീകരിച്ചതിന് ശേഷം പുറത്ത് വിടുന്ന പൈപ്പുകളിലുണ്ടായ ചോർച്ചയാണ് ശ്മശാനം അടച്ചിടാൻ കാരണമായത്. ആ മാസം തന്നെ ശ്മശാനം ജീവനക്കാർ കോർപറേഷനെ രേഖാമൂലം വിവരം അറിയിച്ചിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമെടുക്കാതെ തികഞ്ഞ അനാസ്ഥ തുടരുകയാണ്. സാധാരണ ടിൻ പെപ്പ് പോലും വർഷങ്ങളെടുത്താലെ തുരുമ്പിക്കൂ.
ശ്മശാനത്തിലെ കെട്ടിടത്തിന്റെ അകത്തുള്ള ഭാഗങ്ങളിലെ പൈപ്പാണ് പൂർണമായും തുരുമ്പ് കവർന്നു കൊണ്ടിരിക്കുന്നത്. ഇത് കാരണം പുറത്തേക്ക് കളയേണ്ട പുക കെട്ടിടത്തിന്റെ അകത്ത് തന്നെ പരക്കുന്ന സ്ഥിതിയാണ്.
അധികൃതരുടെ കെടുകാര്യസ്ഥതയും വാതക ശ്മശാന പ്രവൃത്തിയിൽ ഉണ്ടായ അപാകതയും കരാർ എഗ്രിമെൻ്റിൽ ഉണ്ടായ ബാധ്യതയുമാണ് പയ്യാമ്പലം വാതക ശ്മശാനത്തെ ഈ നിലയിലാക്കിയതിൻ്റെ പിന്നിലെന്നാണ് പൊതു അഭിപ്രായം.
ശ്മശാന നിർമ്മാണത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 55 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയാണ് ശ്മശാന കരാർ ഏറ്റെടുത്ത് പ്രവൃത്തി നടത്തിയത്.
വർഷങ്ങളോളം സർവ്വീസ് ഗ്യാരണ്ടിയടക്കം കരാറിൽ ഉറപ്പ് നൽകിയതുമാണ്. പക്ഷേ പ്രവർത്തന രഹിതമായപ്പോൾ കമ്പനിയുമായി കോർപ്പറേഷൻ റിപ്പയർ വിഷയം ഉന്നയിച്ചില്ലെന്നും പറയപ്പെടുന്നു. ഒരു കോടിയിലധികം ചെലവിട്ട ഈ വാതക ശ്മശാനത്തെ ഇത്തരത്തിലാക്കിയതിൻ്റെ പിന്നിൽ ആര് എന്ന ചോദ്യം അവശേഷിക്കുകയാണ്.
നാട്ടിൻപുറങ്ങളിൽ പോലും വാതക ശ്മശാനം നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂരിൻ്റെ പൈതൃകം പേറുന്ന പയ്യാമ്പലത്തെ സ്ഥിതി അത്യന്തം ദയനീയമാണ്. ഇപ്പോൾ വിറക് ശ്മാനത്തിൻ്റെ അവസ്ഥ അത്യന്തം പരിതാപകരമാണ്. കഴിഞ്ഞ മഴ സമയത്ത് മൃതദേഹം പൂർണ്ണമായി കത്തിത്തീരാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരേ സമയം മൃത ശരീരങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന സംവിധാനമുള്ള ശ്മശാനത്തിനോട് എന്തിനീ അവഗണന എന്ന് ചോദിക്കുമ്പോൾ കോർപ്പറേഷൻ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വ്യക്തമായ ഉത്തരമില്ല.
വിറകിൻ്റെ പിന്നാലെ ഓടുന്ന സമയം മാത്രം മതി ശ്മശാനം പൂർവ്വ സ്ഥിതിയിലാക്കാനെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ