പഴയങ്ങാടി: മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ ഏക്കർ കണക്കിന് പുൽമേടുകൾ കത്തി നശിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെ മാടായി കോളേജിന് പിൻവശം തെക്കിനാക്കൽ കോട്ടയ്ക്ക് സമീപമാണ് തീ പടർന്നത്. നിരവധി അപൂർവ സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ് പ്രദേശം. ഈ ഭാഗങ്ങളിലാണ് ചെറി പക്ഷികളടക്കം പറയിൽ മുട്ടയിടുന്നതും. ഇതെല്ലാം തീയിൽ നശിച്ചു.
തീ പടരുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. അണയ്ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നു. പഴയങ്ങാടി താഴ്വരയിലെ മുഴുവൻ പുൽമേടുകളും തീയിൽ കത്തിയമർന്നു. പയ്യന്നൂരിൽ നിന്ന് അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ ഉള്ള അഗ്നിരക്ഷ വിഭാഗം സ്ഥലത്ത് എത്തിയാണ് തീയണച്ചത്. എഫ്.ആർ.ഒമാരായ അജിത്ത് കുമാർ, രാഹുൽ, ഹോം ഗാർഡ് രാമചന്ദ്രൻ, അഖിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.