കണ്ണൂർ: പ്രിയതമയ്‌ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാൻ പണമില്ലാത്തതിനാല്‍ ഒരു രാജ്യം മുഴുവൻ ഓടി റെക്കോർഡ് സൃഷ്ടിച്ച് കണ്ണൂർ സ്വദേശി നികേഷ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ യുഎഇയിലെ ഏഴ് എമറേറ്റുകളും താണ്ടിയാണ് റെക്കോർഡിട്ടത്.
അഞ്ച് ദിവസവും 15 മണിക്കൂറും 53 മിനിറ്റുമെടുത്താണ് യുഎഇ മുഴുവൻ ഓടി തീർത്തത്. പനിനീർ പുഷ്പം പോലും സമ്മാനിക്കാൻ പണമില്ലാതിരുന്ന അവസരത്തിലാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയതെന്ന് നികേഷ് പറയുന്നു. മുംബൈയിലെ അണ്ഡേരി സ്വദേശിനിയാണ് ഭാര്യ സംറിൻ.
ജിം ട്രെയിനറായി ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ഫിറ്റ്നെസ് ട്രെയിനറായാണ് ഗള്‍ഫ് മണ്ണില്‍ നികേഷ് എത്തുന്നത്. കൊവിഡിന് ശേഷം നികേഷിന് ജോലി നഷ്ടമായി. പരിമിതമായ വിദ്യാഭ്യാസമാണ് നികേഷിന് വെല്ലുവിളിയായത്. ഭാര്യയുടെ വരുമാനത്തില്‍ കഴിയുന്നതിനിടയിലാണ് സംറിന്റെ പിറന്നാളെത്തുന്നത്.
ഈ അവസരത്തിലാണ് നികേഷിന്റെ ഉള്ളില്‍ വ്യത്യസ്തമായ ആശയം ജനിക്കുന്നത്. തന്റെ ആരോഗ്യം വച്ച് ചെയ്യാവുന്നതില്‍ മികച്ചത് ചെയ്യുക എന്നതായിരുന്നു നികേഷിന്റെ മനസില്‍.
ഫെബ്രുവരി മാസത്തില്‍ അബുദാബിയില്‍ നിന്ന് ആരംഭിച്ചെങ്കിലും പൂർണമാക്കാൻ സാധിച്ചിരുന്നില്ല. ആരോഗ്യം വെല്ലുവിളി സൃഷ്ടിക്കുകയായിരുന്നു. നിശ്ചയദാർഢ്യം നവംബർ 23-ന് അബുദാബിയില്‍ നിന്ന് വീണ്ടും യാത്ര ആരംഭിക്കാൻ കാരണമായി.
ഏഴ് എമറേറ്റുകളും താണ്ടിയാണ് യാത്ര പൂർത്തിയാക്കിയതും പുത്തൻ റെക്കോർഡ് പിറന്നതും. ബ്രിട്ടീഷുകാരന്റെ റെക്കോർഡാണ് മലയാളി തകർത്തത്.
