പരിയാരം: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയേറ്ററുകള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത് 300 രോഗികള്‍.
നവീകരണത്തിന്‍റെ പേരില്‍ തിയേറ്ററുകള്‍ ഒരുവർഷം മുമ്പ് അടച്ചതോടെ സർജറി നിർദേശിച്ച 300 രോഗികളാണ് ഡോക്ടറുടെ കുറിപ്പുമായി കാത്തിരിക്കുന്നത്.
പരിയാരത്ത് ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും സർജറി തിയേറ്ററുകള്‍ തുറക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്. സർക്കാരിന്‍റെ സൗജന്യ ചികിത്സാ പദ്ധതികളില്‍ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ നിർധനരായ രോഗികളാണ് പരിയാരത്തെ കൂടുതല്‍ ആശ്രയിക്കുന്നത്.
നിലവില്‍ ബൈപാസ് സർജറി വേണ്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കാണു നിർദേശിക്കുന്നത്. എന്നാല്‍, അവിടെ ചെല്ലുമ്പോള്‍ നാലു മാസത്തിനു ശേഷമുള്ള തീയതിയാണ് സർജറിക്കു നല്‍കുന്നത്.
ഇതോടെ വീണ്ടും ഇവിടെയെത്തുന്നവർക്കു മരുന്നു മാത്രം നല്‍കുകയാണ് ചെയ്യുന്നതെന്ന് രോഗികള്‍ പറഞ്ഞു. സർജറി തിയേറ്ററുകള്‍ പ്രവർത്തനം തുടങ്ങിയാല്‍ ബൈപാസ് ചെയ്യാമെന്നു മാത്രമേ ഡോക്ടർമാർ പറയുന്നുള്ളൂ. എന്നു തുറക്കുമെന്ന് ഡോക്ടർമാർക്കും അറിയില്ല. ആരോഗ്യ മന്ത്രിയെയും ജന പ്രതിനിധികളെയും രോഗികളുടെ പ്രയാസം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് രോഗികള്‍ പറയുന്നു.
