Zygo-Ad

കണ്ണൂര്‍ വിമാനത്താവളം ആറാം വര്‍ഷത്തിലേക്ക്;നേട്ടങ്ങളുടെ പട്ടികയിൽ സാമ്പത്തിക പ്രതിസന്ധി

 


മട്ടന്നൂർ: കേന്ദ്ര അവഗണന സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ചിറകൊടിഞ്ഞ് വികസന വീഥിയിലേക്ക് പറക്കാനാവാതെ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം ആകാശ വഴിയില്‍ കിതയ്ക്കുന്നു. ഈ വരുന്ന ഡിസംബർ ഒൻപതിന് വിമാനത്താവളത്തിന്‌ ആറ്‌ വയസ്‌ തികയുമ്പോള്‍ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങള്‍ക്ക്‌ മുന്നില്‍ നിരത്താൻ നേട്ടങ്ങളുടെ പട്ടികയൊന്നുമില്ല.

ഒരു വർഷം 15 ലക്ഷം യാത്രക്കാരെന്ന സുപ്രധാന നേട്ടത്തോടെ ഈ സാമ്പത്തിക വർഷാവസാനം 180 കോടി രൂപയുടെ വരുമാനം കൈവരിക്കുകയെന്ന ലക്ഷ്യമുണ്ടെങ്കിലും യാഥാർത്ഥ്യമാകുമെന്ന് തോന്നുന്നില്ല.

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാല്‍) നീങ്ങുന്നത്‌. 700 കോടിയുടെ സഞ്ചിത നഷ്ടമുണ്ടെന്നാണ് ഷെയർ ഹോള്‍ഡേഴ്സ് ആരോപിക്കുന്നത്. 

2018 ഡിസംബർ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത വിമാനത്താവളം ആദ്യ വർഷം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചിരുന്നുവെങ്കിലും പിന്നീട് താഴേക്ക് കൂപ്പു കുത്തുകയായിരുന്നു.

ഗോ എയറിന്റെ 10 സർവീസുകള്‍ നിലച്ചതിലും വിദേശ വിമാന സർവീസിനുള്ള പോയിന്റ്‌ ഓഫ്‌ കോള്‍ പദവി ലഭിക്കാത്തതിലുമുണ്ടായ പ്രതിസന്ധികള്‍ തിരിച്ചടിയായി. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ സർവീസ്‌ സർവീസുകള്‍ മാത്രമാണുള്ളത്.

നിലവില്‍ 3,500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ടെങ്കിലും കോടികള്‍ മുടക്കിയ നിക്ഷേപകർക്ക് പത്തു പൈസ പോലും ലാഭ വിഹിതമായി ഇതുവരെ നല്‍കിയില്ല. മൂലധന ഓഹരികള്‍ക്കൊപ്പം പൊതു മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ കടം പുനഃക്രമീകരിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ കിയാല്‍ നീങ്ങുന്നത്. 

അപ്രോച്ച്‌ ലൈറ്റ്‌നിങ് കാറ്റഗറി ഒന്നിലേക്കുയർത്തി ഏത്‌ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങള്‍ക്കിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനത്താവളമായി മാറ്റുകയാണ്‌ ലക്ഷ്യം. അനുബന്ധ സംരംഭങ്ങളിലൂടെ അധിക വരുമാനമുണ്ടാക്കുന്നതിന്‌ ഹോട്ടല്‍, കണ്‍വൻഷൻ സെന്റർ എന്നിവ ആരംഭിക്കാൻ ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുന്നു.

ആറാം വാർഷികം കലാ കായിക മത്സരങ്ങളോടെ ആഘോഷിക്കും. വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്കൊപ്പം വ്യത്യസ്ത ഏജൻസികളിലെ ജീവനക്കാരും പങ്കാളികളാകും. 

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രാ നിരക്കില്‍ 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്‌റൈൻ, കുവൈറ്റ്, റാസല്‍ഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് തിങ്കള്‍ വരെ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കാണ്‌ ഇളവ്‌.

ബംഗളൂരു സർവീസ്‌ 13ന്‌ തുടങ്ങും

കണ്ണൂർ-- ബംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ്‌ 13ന്‌ പുനരാരംഭിക്കും. രാവിലെ 6.10ന്‌ കണ്ണൂരില്‍നിന്ന്‌ പുറപ്പെടുന്ന വിമാനം 7.10ന്‌ ബംഗളൂരുവിലെത്തും. തുടർന്ന്‌ ബംഗളൂരുവില്‍ നിന്ന്‌ 8.10ന്‌ പുറപ്പെടുന്ന വിമാനം 9.10ന്‌ കണ്ണൂരിലെത്തുന്ന രീതിയിലാണ്‌ സർവീസ്‌ പുനഃക്രമീകരിച്ചത്‌. എല്ലാ വെള്ളിയാഴ്‌ചയിലുമാണ്‌ സർവീസ്‌ നടത്തുന്നത്.

വളരെ പുതിയ വളരെ പഴയ