Zygo-Ad

"ഞങ്ങള്‍ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിന്റെ കോമ്പൗണ്ടില്‍ കയറരുതെന്ന് അവനും അമ്മയും പറഞ്ഞു"; മകളെ കൊന്നതാണെന്ന് ഇന്ദുജയുടെ അച്ഛൻ


തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർത്താവിന്റെ വീട്ടിൽ നവ വധുവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

പാലോട് ടിഞ്ഞാർ കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25)യെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് അഭിജിത്തും ഇന്ദുജയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഭർത്യ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നും ഇന്ദുജയുടെ കുടുംബം പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആണ് ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് അഭിജിത്ത് പറയുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. പൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിൻ്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

നവവധുവിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ ശശിധരൻ കാണി. തങ്ങള്‍ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടില്‍ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്നും അച്ഛൻ ആരോപിച്ചു.

ഞങ്ങള്‍ വനവാസി കാണി സമുദായത്തില്‍ പെട്ടവരാണ്. ഇവർ തമ്മിലുള്ള കേസ്കെട്ട് സംസാരിക്കാൻ നമ്മള്‍ ഒന്ന് രണ്ട് മെമ്പർമാരെയും കൂട്ടി വീട്ടില്‍ പോയിരുന്നു. ആദിവാസിയിലുള്ള ഒരുത്തൻമാരും എന്റെ വീട്ടിന്റെ കോമ്പൗണ്ടില്‍ കയറരുതെന്ന് അവനും അമ്മയും ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വന്നപ്പോള്‍ അവളുടെ കണ്ണിന്റെ താഴെ അടിയുടെ പാടുണ്ടായിരുന്നു. മാനസികമായും തകർന്നിരുന്നു, അച്ഛൻ ശശീധരൻ കാണി പറഞ്ഞു.

ഇന്ദുജയെ നാല് മാസം മുൻപ് അഭിജിത്ത് വിളിച്ചിറക്കി കൊണ്ടു പോകുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തി.

അഭിജിത്തിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പാലോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിക്ക് ശേഷം മകള്‍ നിരന്തരം പീഡനത്തിനിരയായെന്നും കുടുംബം ആരോപിക്കുന്നു.

വളരെ പുതിയ വളരെ പഴയ