ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച്‌ മോഷണം: വാതിലിന്‍റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച; പെരിങ്ങോം മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


കണ്ണൂര്‍: ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച്‌ മോഷണം. കണ്ണൂർ പെരിങ്ങോം കാങ്കോലിലാണ് സംഭവം നടന്നത്. താഴെ കുറുന്തില്‍ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്.

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. 

ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടു പൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയല്‍പക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് ഒടുവില്‍ മോഷണം നടന്ന വിവരം അറിയുന്നത്.

സംഭവത്തില്‍ ഇരു വീടുകളുടേയും മുൻ വശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളില്‍ കയറിയ മോഷ്ടാക്കള്‍ അലമാരിയിലെ സാധനങ്ങള്‍ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടില്‍ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു.

രാഘവൻ യാത്ര പോകുന്നതിനാല്‍ സ്വർണവും പണവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയില്‍ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ