പരിശോധന കടുപ്പിച്ച്‌ എക്സൈസ് ; ആഘോഷക്കടത്ത് വേണ്ട

 


കണ്ണൂർ: ജില്ലയില്‍ ലഹരി സംഘങ്ങളുടെ ഇടപാടുകള്‍ വർദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാൻ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്.

അടുത്ത മാസം നാലു വരെ പരിശോധന കടുപ്പിക്കാനാണ് തീരുമാനം. കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ലഹരി, കർണാടക, ഗോവ, മാഹി മദ്യം എന്നിവയുടെ കടുത്തിന് തടയിടാനാണ് എക്സൈസ് സർവ സന്നാഹവുമായി ഇറങ്ങിയിരിക്കുന്നത്.

അതിർത്തി മേഖലകള്‍ക്കു പുറമേ എക്‌സൈസിന്റെ ഹോട്ട് സ്‌പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങള്‍, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാൻഡ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. പുതുവത്സാരഘോഷങ്ങള്‍ നടക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും എക്‌സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ലഹരി സംബന്ധമായ വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാണ് ഹോട്ടലുകള്‍ക്ക് നല്‍കിയ നിർദ്ദേശം.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് വാഹന പരിശോധന നടക്കുന്നത്. യാത്രികരായ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. പൊലീസ് ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കാളികളാകുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങളില്‍ രഹസ്യ അറകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

ഉണർന്നു ലഹരി ഹബ്ബുകള്‍

ന്യൂ ഇയർ , ക്രിസ്തുമസ് വിപണി പരമാവധി മുതലെടുക്കുന്നതിന്റെ ലക്ഷണമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം തലശ്ശേരി, കണ്ണൂർ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഗോവൻ മദ്യവും കഞ്ചാവും കണ്ടെടുത്തതിലൂടെ വ്യക്തമായത്. തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ആർ.പി.എഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മദ്യ ശേഖരം പിടികൂടിയത്. 

കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്ക് വശത്ത് ഉടമസ്ഥനില്ലാത്ത നിലയില്‍ 3.756 കിലോ കഞ്ചാവും കണ്ടെടുത്തു. സി.സി.ടി.വി ക്യാമറ പരിശോധിച്ചെങ്കിലും രണ്ടിടത്തെയും കടത്തുകാരെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പുതിയ തെരുവില്‍ അപകടത്തില്‍പ്പെട്ട കാറില്‍ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു..

ഞെട്ടിക്കും ഈ കണക്കുകള്‍

കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ജനുവരി ഒന്നു മുതല്‍ നവംബർ വരെ 485 മയക്കു മരുന്ന് കേസുകളും 1263 അബ്കാരി കേസുകളാണ് ജില്ലയില്‍ രജിസ്റ്റർ ചെയ്തത്. 

ഈ വർഷം പരിശോധനയില്‍ 827.384 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. കഴിഞ്ഞ വർഷം 503.024 ഗ്രാമായിരുന്നു. 

മയക്കു മരുന്നുകളുമായി 486 പേരും അബ്കാരി കേസുകളില്‍ 945 പേരും പിടിയിലായി. അറുപത് വാഹനങ്ങളും 6,600 ലിറ്റർ സ്പിരിറ്റും ഇക്കുറി പിടി കൂടി. നിരോധിത പാൻ ഉത്പ്പന്നങ്ങള്‍ കടത്തിയ 4426 കേസുകളില്‍ 8.85 ലക്ഷം പിഴ ഈടാക്കി. തൊണ്ടി മുതലായി 1.12 ലക്ഷവും 30 മൊബൈല്‍ ഫോണും പിടി കൂടി. ഡാൻസാഫ് ഉള്‍പ്പെടുന്ന പൊലീസ് സംഘം പിടി കൂടിയ കണക്കിന് പുറമെയാണിത്.


തലചുറ്റിക്കും ലഹരിക്കണക്ക് 

ബ്രാക്കറ്റില്‍ കഴിഞ്ഞ വർഷത്തെ കണക്ക്)

ചാരായം 236 ലി. (276 ലി. )

വിദേശമദ്യം 3500 ലി. (3706),

വാഷ് 20377 ലി. (26372)

കഞ്ചാവ് 93.34 കിലോ (87.968)

കഞ്ചാവ് ചെടി 3 (22)

എം.ഡി.എം.എ 13.488 ഗ്രാം (324.412)

മെത്താം ഫിറ്റമിൻ 827.384 ഗ്രാം (503.024)

ഹഷീഷ് ഓയില്‍ 23.97 ഗ്രാം (5.105)

ബ്രൗണ്‍ഷുഗർ 8. 864 ഗ്രാം (13.697)

പുകയില 166 കിലോ (460)

വളരെ പുതിയ വളരെ പഴയ