കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാനുള്ള അനുമതി.
ഇന്നലെ രാവിലെ പത്തു മണിയോടെ ടെലിവിഷനില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴായിരുന്നു റിമാന്‍ഡിലുള്ള മുഹമ്മദ് സഫാദ് രക്ഷപ്പെട്ടത്. ബാത്ത്റൂമില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ച സഫാദ് സാഹസികമായി മതില്‍ ചാടുകയായിരുന്നു.
ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടു വന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുന്നു.
