പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്ത കാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തി കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്.
ഈ വകയില്‍ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുള്‍പൊട്ടലിലും വ്യോമ സേന എയര്‍ ലിഫ്റ്റിങ് സേവനം നല്‍കിയിരുന്നു. എസ്ഡിആര്‍എഫിന്റെ നീക്കിയിരിപ്പില്‍ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചു ചോദിക്കുന്നത്.
വയനാട് ദുരന്തത്തില്‍ പെട്ട നിരവധി പേരെയാണ് സൈന്യം എയര്‍ ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്. ആദ്യ ദിനം വ്യോമ സേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നല്‍കണമെന്നാണ് കണക്ക് നല്‍കിയത്. ഇത്തരത്തില്‍ വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആകെ നല്‍കണ്ടേത് 69,65,46,417 രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.
സഹായം ആവശ്യപ്പെട്ട് സർക്കാരും കേരളത്തിലെ എംപിമാരും നിവേദനം നല്‍കിയിട്ടും കേന്ദ്രത്തിന്റെ മനസ് അലിഞ്ഞിരുന്നില്ല. ഒക്ടോബർ മാസം നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രളയ കാലത്ത് അരിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുവദിച്ച തുക തിരിച്ചു നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.
വയനാട് ദുരന്തത്തില്‍ ഏകദേശം 2300ലേറെ കോടി രൂപ പുനരധിവാസത്തിന് വേണമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടല്‍. അടിയന്തര സഹായം ആവശ്യപ്പെട്ട കേരളം, ദുരന്തത്തെ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അഭ്യർഥിച്ചിരുന്നു. ലോക്‌സഭയിലടക്കം ഇക്കാര്യത്തില്‍ പ്രതിപക്ഷ എംപിമാരില്‍ നിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ അങ്ങോട്ട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.