കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 22കാരിയായ യുവതിയെ കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിനാനെ (23) യാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ, സിനാന് സഹായം ചെയ്തു നല്‍കിയതായി പറയുന്ന സുഹൃത്തിനെ പിടികൂടാനായിട്ടില്ല.
ഓണ്‍ലൈൻ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.
ഗർഭിണിയായ യുവതിയെ പ്രതികള്‍ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു. മട്ടന്നൂർ പൊലീസിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. തുടർന്ന് ഇത് ഹൊസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതികള്‍ കാഞ്ഞങ്ങാട് നിന്നും മുങ്ങിയിരുന്നു. ഇതിനിടയിലാണ് മുഖ്യ പ്രതി ഇപ്പോള്‍ അറസ്റ്റിലായത്.