കണ്ണൂർ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ അടക്കം വടക്കൻ കേരളത്തിലെ കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലായി 186 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷ ബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയതെന്നും മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ ഈ പരിശോധനയില്‍ നിരവധി അപാകതകള്‍ കണ്ടെത്തി.
പരിശോധനയില്‍ ലൈസൻസ് ഇല്ലാത്തതും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ 10 സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. കൂടാതെ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും ആറ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കാറ്ററിംഗ് യൂണിറ്റുകളിലെ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം ട്രാൻസ്‌പോർട്ട് ചെയ്യുന്ന രീതികള്‍ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. 24 സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്.