വന്ദേഭാരതിനു മുന്നില്‍ വാഹനം; നിയമകുരുക്കില്‍പെട്ട് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷൻ നവീകരണം


പയ്യന്നൂർ: വന്ദേഭാരത് ട്രെയിനിനു മുന്നില്‍ കോണ്‍ക്രീറ്റ് മിക്സിങ് വാഹനം ഓടിക്കയറിയതിനു പിന്നാലെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തി നിലച്ചു.

കോണ്‍ക്രീറ്റ് മിക്സിങ് വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ പ്രശ്നങ്ങളെ തുടർന്നുള്ള നിയമകുരുക്കുകളാണ് പ്രവൃത്തികള്‍ക്ക് താല്‍ക്കാലിക തടസ്സമാവാൻ കാരണം. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂർ റെയില്‍വേ സ്റ്റേഷൻ പൂർണമായും നവീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോമിലെ നവീകരണ പ്രവൃത്തിയാണ് ഒരു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്. 

കഴിഞ്ഞ മാസം 26ന് ഉച്ചക്ക് 12.50ന് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന വന്ദേഭാരത് എക്സ്പ്രപ്രസ് ട്രെയിൻ കടന്നു വരുന്നതിനിടയില്‍ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്തെ ട്രോളി പാസേജിലൂടെ കോണ്‍ക്രീറ്റ് മിക്സിങ് വാഹനം കടന്നു വരുകയായിരുന്നു. 

പയ്യന്നൂരില്‍ സ്റ്റോപ്പ് ഇല്ലാത്ത വന്ദേഭാരത് വരുന്നതിനിടയിലാണ് കോണ്‍ക്രീറ്റ് മിക്സിങ് വാഹനം ട്രാക്ക് മുറിച്ച്‌ കടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടൻ ട്രെയിനിന്റെ വേഗം കുറച്ചതിനാല്‍ തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

ഇതേത്തുടർന്ന് കോണ്‍ക്രീറ്റ് മിക്സിങ് വാഹനമോടിച്ച കർണാടക സ്വദേശി കാശിനാഥിനെ (22) റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുണ്ടായ നിയമക്കുരുക്കിലാണ് പ്ലാറ്റ്ഫോം നിർമാണ പ്രവൃത്തികള്‍ നിലച്ചത്. അതേസമയം റെയില്‍വേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികളെല്ലാം നടക്കുന്നുണ്ട്. പ്ലാറ്റ്ഫോം പ്രവൃത്തികള്‍ നിലച്ചതോടെ ഉപകരണങ്ങള്‍ പ്ലാറ്റ്ഫോമിലും മറ്റും ചിതറിക്കിടക്കുകയാണ്. 

സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പ്രവൃത്തി പുനരാരംഭിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ