Zygo-Ad

തട്ടിപ്പിന്റെ പുതിയമുഖം ഇരകളായത് നിരവധി പേര്‍:, ലക്ഷ്യം വാഹന ഉടമകൾ

 


സൈബർ തട്ടിപ്പുകാരെ കുടുക്കാൻ പൊലീസ് പല വഴികളും നോക്കുമ്പോള്‍ വാട്‌സ് ആപ്പില്‍ വാഹന ഗതാഗത ലംഘനത്തിന്റെ പേരില്‍ ചലാൻ അയച്ചും തട്ടിപ്പ്.

നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി സൈബർ പൊലീസില്‍ പരാതി. ഇത്തരം പരാതികള്‍ ലഭിച്ചതോടെയാണ് ഇങ്ങനെയും തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്ന വിവരം പൊലീസിനും ലഭിക്കുന്നത്.

ട്രാഫിക് ലംഘനം നടത്തിയെന്ന പേരിലാണ് മിക്കവർക്കും വാട്‌സ് ആപ്പില്‍ ചലാൻ ലഭിക്കുന്നത്. നേരത്തെ സി.ബി.ഐ ചമഞ്ഞ് ഫോണിലൂടെ അറസ്റ്റ് ചെയ്തായിരുന്നു ലക്ഷങ്ങള്‍ തട്ടിയത്. ഇപ്പോള്‍ സാധാരണക്കാരെയും ഓട്ടോറിക്ഷ തൊഴിലാളികളെയും വാഹനങ്ങള്‍ ഓടിക്കുന്ന വനിതകളെയുമൊക്കെയാണ് ഇരയാക്കുന്നത്. കോളേജ് അദ്ധ്യാപകർ അടക്കമുള്ളവരും തട്ടിപ്പിനിരയായി.

അതി വിദഗ്ദ്ധമായാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. പലരും വാട്‌സ് ആപ്പിലൂടെ ലഭിക്കുന്ന ചലാൻ സത്യമാണെന്ന് കരുതി ലിങ്കില്‍ കയറി പിഴയടയ്ക്കാൻ നോക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ നഷ്ടമായത് ബോദ്ധ്യപ്പെട്ടത്.

അമിത വേഗത്തില്‍ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ടെന്നും താഴെയുള്ള ലിങ്കില്‍ കയറി പണമടയ്ക്കണമെന്നുമാണ് നിർദ്ദേശം. താങ്കളുടെ വാഹനം അമിത വേഗത്തില്‍ പോയതിന്റെ തെളിവുകളുണ്ടെന്ന് സൂചിപ്പിച്ച്‌, ചലാൻ നമ്പറും അമിത വേഗത്തില്‍ പോയ ദിവസവും വാഹന നമ്പറും അടക്കമുള്ള ചലാനാണ് വാട്‌സ് ആപ്പ് വഴി ലഭിച്ചത്. 

തെളിവ് കാണാനായി വാഹൻ പരിവാഹൻ മൊബൈല്‍ അപ്ലിക്കേഷനില്‍ കയറി നോക്കാമെന്ന് പറഞ്ഞ് ഒരു ലിങ്കും അയക്കും. അതിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഫോട്ടോയും അതിലുണ്ടെന്ന് പറയുന്നു. ഈ ലിങ്കില്‍ കയറുന്നവർ ബാങ്ക് അക്കൗണ്ട് നമ്പറടക്കം ചോദിക്കുന്ന വിവരങ്ങളൊക്കെ നല്‍കുന്നതോടെ ബാങ്കിലുള്ള പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു.

 നഗരത്തില്‍ ടാക്‌സി കാർ ഓടിക്കുന്ന മണ്ണുത്തി സ്വദേശിയുടെ 70,000 രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്കൗണ്ടില്‍ കൂടുതല്‍ തുക ഇല്ലാത്തതിനാലാണ് പണം കൂടുതല്‍ നഷ്ടപ്പെടാതിരുന്നത്. മറ്റ് പലരുടെയും പതിനായിരവും ഇരുപതിനായിരവുമൊക്കെ നഷ്ടപ്പെട്ടു. 

പണം തട്ടിപ്പിലൂടെയാണ് നഷ്ടപ്പെട്ടതെന്ന് ബോദ്ധ്യമായതോടെയാണ് സൈബർ പൊലീസിനെ സമീപിച്ചത്. പക്ഷേ എല്ലാം നഷ്ടപ്പെട്ട ശേഷം വൈകിയെത്തി പരാതി പറഞ്ഞാല്‍ പണം തിരികെ പിടിക്കാൻ പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു. 

തട്ടിപ്പ് ആണെന്ന് ബോദ്ധ്യപ്പെട്ടാല്‍ ഉടൻ വിളിക്കുക 1930.

വളരെ പുതിയ വളരെ പഴയ