പയ്യന്നൂർ: കോടതി സമുച്ചയം നിർമ്മാണം ജനുവരിയില്‍ പൂർത്തിയാകുമെന്ന് ടി. ഐ. മധുസൂദനൻ എം.എല്‍.എ. അറിയിച്ചു. കോടതി കെട്ടിടത്തിനായി 14 കോടി രൂപയാണ് സർക്കാർ ഭരണാനുമതി നല്‍കിയിരുന്നത്.
ബേസ്മെന്റ് , ഗ്രൗണ്ട് ഫ്ലോർ അടക്കം ആറ് നില കെട്ടിടം നിർമ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഭരണാനുമതി ലഭിച്ചതും. സാങ്കേതികാനുമതി ലഭിക്കുന്ന ഘട്ടത്തില്‍ ബേസ്മെന്റ് പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേസ്മെന്റ് ഒഴിവാക്കുകയും ഗ്രൗണ്ട് ഫ്ലോർ അടക്കം 5 നിലയുടെ സാങ്കേതികാനുമതി നേടുകയും ചെയ്തു.
കേന്ദ്ര സർക്കാർ ജി.എസ്.ടി. 12 ശതമാനത്തില്‍ നിന്ന് 18 ലേക്ക് ഉയർത്തിയതിനാലും , സാങ്കേതികാനുമതി ഘട്ടത്തില്‍ ഫൗണ്ടേഷനില്‍ ചില മാറ്റങ്ങള്‍ വരുകയും പൈല്‍ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൈല്‍ നിർമ്മാണത്തില്‍ മാറ്റം വരികയും 25 ഉണ്ടായിരുന്നത് 31 ആയി ഉയരുകയും ചെയ്തു.
ചുറ്റുമതില്‍ നിർമ്മാണത്തിന് നേരത്തെ കണ്ടെത്തിയ തുകയേക്കാള്‍ കൂടുതല്‍ വേണ്ടി വരികയും ചെയ്തു. ഇങ്ങിനെ അധികം വരുന്ന തുകയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിനാല്‍ നേരത്തെ ഭരണാനുമതി ലഭിച്ച 14 കോടി രൂപയില്‍ അധികരിക്കാതെ ഗ്രൗണ്ട് ഫ്ലോർ അടക്കം 4 നിലകള്‍ പൂർത്തീകരിക്കുന്ന രീതിയില്‍ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയാണ് കെട്ടിട നിർമ്മാണം നടത്തിയത്.
ലിഫ്റ്റ് , ജനറേറ്റർ , ഫയർഫൈറ്റിംഗ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇലക്‌ട്രിക്കല്‍ പ്രവൃത്തികള്‍ക്കെല്ലാമായി 1.14 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ജി.എസ്. ടി. യിലെ മാറ്റവും സാധനങ്ങള്‍ക്ക് വിലയില്‍ വന്ന വർദ്ധനവും കാരണം നേരത്തെ വകയിരുത്തിയ തുകയില്‍ എല്ലാ ഇലക്‌ട്രിക്കല്‍ പ്രവൃത്തികളും ചെയ്യാൻ കഴിയാത്ത നിലയിലായതിനാല്‍ ,
ഫയർ ഫൈറ്റിംഗ് ഒഴികെ ബാക്കി എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂർത്തീകരിക്കാനും ഫയർ ഫൈറ്റിംഗ് സംവിധാനത്തിന് വേണ്ടി വരുന്ന അധിക തുകയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരില്‍ നിന്ന് ഭരണാനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്‌സണ്‍ കെ.വി.ലളിത, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി : എൻജിനീയർ ഷാജി തയ്യില്‍, അസി.എൻജിനീയർ സുനോജ്, ഇലക്‌ട്രിക്കല്‍ അസി.എൻജിനീയർ ലിമി, അഡ്വക്ക്റ്റുമാരായ കെ.വിജയകുമാർ, ഡി.കെ. ഗോപിനാഥ്, രാജേഷ് പിലാങ്കു എന്നിവരും സംബന്ധിച്ചു.
