പരിയാരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വാഹന ഗതാഗതം വഴി തിരിച്ചുവിട്ട സർവീസ് റോഡുകളില്‍ പലയിടത്തും അപകടങ്ങള്‍ പതിയിരിക്കുന്നു.
പരിയാരം കോരൻ പീടികയില്‍ സർവീസ് റോഡിലേക്ക് കയറ്റി സ്ഥാപിച്ച ഇരുമ്പു തൂണുകള്‍ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മുന്നറിയിപ്പ് ബോർഡുകള്‍ വെക്കാതെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. തെരുവു വിളക്കുകൾ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ വലിയ അപകട സാദ്ധ്യതയാണ് ഈ റോഡുകളിൽ പതിയിരിക്കുന്നത്.
ഇടതടവില്ലാതെ ചെറുതും വലുതുമായി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ സർവീസ് റോഡ് തകർന്നിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ ഇതേവരെ യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല . വാഹന യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ചിലയിടങ്ങളില്‍ പാച്ച് വർക്ക് നടത്തിയത് പൊങ്ങി നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ് .മുന്നറിയിപ്പും ഡിവൈഡറുകളും സ്ഥാപിക്കാതെയുള്ള നിർമ്മാണമാണ് പലയിടത്തും നടക്കുന്നത്.
കോരൻപീടിക മാത്രമല്ല, ചുടലയില്‍ റോഡുകള്‍ തകർന്ന് ചെളി നിറഞ്ഞു ദുരിത പൂർണ്ണമായിരിക്കുന്നു.
കുപ്പത്ത് ക്രാഷ് ബാരിയറോ സൈഡ് ഡിവൈഡറോ ഇല്ലാതെ വാഹനങ്ങള്‍ തെന്നുന്നു
തളിപ്പറമ്പ് ചിറവക്ക് മുതല്‍ റോഡുകള്‍ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബക്കളം എം.വി.ആർ ഹോസ്പിറ്റല്‍ സർവീസ് റോഡില്‍ വൻ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
മാങ്ങാട്ടുപറമ്പ് ബസ് സ്റ്റോപ്പ് മുതല്‍ ബക്കളം വരെ റോഡ് തകർന്നു കിടക്കുന്നു.
ജീവൻ പൊലിഞ്ഞിട്ടും കണ്ണു തുറക്കാതെ മാസങ്ങള്‍ക്ക് മുമ്പ് പിലാത്തറ വിളയാങ്കോട് നിർമ്മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു.കഴിഞ്ഞ ദിവസം കുപ്പത്ത് സ്കൂട്ടർ റോഡരികിലെ കുഴിയിലേക്ക് വീണു.
ഇത്രയും ദയനീയമായ അവസ്ഥയിൽ ദേശീയപാത യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമുണ്ടാക്കുമ്പോൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.